കൊച്ചി: ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി വിദ്യാലക്ഷ്മി പി.വി. ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാനും സംയുക്തമായി സംഘടിപ്പിച്ച ആദിശങ്കര ജയന്തിയോടനുബന്ധിച്ചുള്ള ഉപന്യാസ മത്സരത്തിലാണ് കൊച്ചുമിടുക്കി പ്രോത്സാഹന സമ്മാനം നേടിയത്. വടുതല കലാമന്ദിര്‍ റോഡ് ഗുരുകൃപയില്‍ വിട്ടല്‍ദാസ് പി.പി.-ഗീത കെ.എം. ദമ്പതികളുടെ മകളാണ്.
തിങ്കളാഴ്ച പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ നടന്ന പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ വിദ്യക്ക് സമ്മാനം നല്‍കി.
അദ്വൈതം സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമായി ഭാരതത്തിന്റെ സന്ദേശം എന്നതായിരുന്നു ഉപന്യാസ മത്സരത്തിന്റെ വിഷയം. നേട്ടം തന്റെ കഴിവിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള വലിയൊരു അംഗീകാരമായി കാണുന്നതായി വിദ്യാലക്ഷ്മി പറഞ്ഞു.
ഇനിയും എഴുതാനുള്ള പ്രോത്സാഹനമായി ഈ സമ്മാനത്തെ കാണുന്നു. സ്‌കൂളിലും മറ്റുമായി നടക്കുന്ന എഴുത്തുമത്സരങ്ങളില്‍ രചനകളെഴുതുന്ന വിദ്യാലക്ഷ്മിക്ക് മലയാള ഭാഷയില്‍ നല്ല മാര്‍ക്ക് ലഭിച്ചതിന് കുഞ്ഞുണ്ണിമാഷ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.













