മലയാളഭാഷയ്‌ക്ക് പിതാവില്ലെന്നും മിഷണറിമാരാണ് മലയാളം ഉണ്ടാക്കിയത് എന്നും അവരാണ് മലയാളത്തില്‍ സാഹിത്യം രചിച്ചത് എന്നുമെല്ലാം, ഒരു നവാഗത സാഹിത്യകാരന്‍ വാദിച്ചു കണ്ടു. എഴുത്തച്ഛന്‍ മിത്താണ് എന്ന് അദ്ദേഹത്തെക്കൊണ്ട് പറയിച്ചത് അന്വേഷണങ്ങളോ ഗവേഷണങ്ങളോ അല്ലെന്ന് തീര്‍ച്ച! ജീവിച്ചിരുന്നതിന്റെ തെളിവുകളും ഭാഷാസൂചനകളും നിലവില്‍ ഉണ്ടായിരിക്കെ, എഴുത്തച്ഛന്‍ മിത്താണെന്ന് സ്ഥാപിക്കുന്നതിന് പിന്നില്‍ ഭാഷാസ്നേഹമല്ല, മറ്റെന്തൊക്കെയോ ലക്ഷ്യങ്ങളാണ്. അതിനുള്ള ഉപകരണമായി തെഞ്ഞെടുത്തത് ഭാഷയെയും സാഹിത്യത്തെയും ആയതിനാല്‍ ഭാഷാശാസ്ത്രത്തിന്റെയും സാഹിത്യചരിത്രത്തിന്റെയും വെളിച്ചത്തില്‍ വിനോയ് തോമസിന്റെ വാദങ്ങളെ പരിശോധിക്കാം.
എഴുത്തച്ഛന്റേതായി ഒരു ഓലക്കീറെങ്കിലും ഉണ്ടോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യങ്ങളിലൊന്ന്. എഴുത്തച്ഛന്റെ അസ്തിത്വവും കാലവും അനേകം ഭാഷാചരിത്രഗവേഷകര്‍ തെളിയിച്ചിട്ടുള്ളതാണ്. ആചാര്യന്റെ കാലവും ജനനസ്ഥലവും നാമവും മറ്റും അനേകം സാഹിത്യചരിത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ കൂടുതല്‍ വിസ്തരിക്കാന്‍ ഒരുമ്പെടുന്നില്ല. എഡി 1475നും 1575നും ഇടയ്‌ക്കായിരുന്നു ജീവിതകാലം. മലപ്പുറം ജില്ലയിലെ തിരൂര്‍ തുഞ്ചന്‍പറമ്പായിരുന്നു ജനനസ്ഥലമെന്നും; അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട്, ഹരിനാമകീര്‍ത്തനം, മഹാഭാഗവതം കിളിപ്പാട്ട് എന്നിവ അദ്ദേഹത്തിന്റെ കൃതികളാണെന്നും ഭാഷാസാഹിത്യചരിത്രഗവേഷകര്‍ സ്ഥാപിച്ചിട്ടുണ്ട്. ചിന്താരത്നം, രാമായണം ഇരുപത്തിനാല് വൃത്തം, ഉത്തരരാമായണം, ബ്രഹ്‌മാണ്ഡപുരാണം, ദേവീമാഹാത്മ്യം, ശതമുഖരാമായണം, കൈവല്യനവനീതം എന്നീ കൃതികളും അദ്ദേഹത്തിന്റേതാണെന്ന് വാദങ്ങളുണ്ട്.
മലയാളഭാഷാ പരിഷ്‌കാരങ്ങളും ലിപിപരിഷ്‌കാരങ്ങളും അദ്ദേഹം നടത്തി. മലയാളത്തില്‍ തമിഴിന്റെ സ്വാധീനത്തെ പരിമിതപ്പെടുത്തുകയും സംസ്‌കൃത ചാര്‍ച്ച വിപുലപ്പെടുത്തുകയും ചെയ്തു. ഏ.ആര്‍ വരെയുള്ള ഭാഷാപണ്ഡിതര്‍ക്ക് ഭാഷാവ്യാകരണ നിയമങ്ങള്‍ ചിട്ടപ്പെടുത്തുന്നതിന് എഴുത്തച്ഛന്റെ കൃതികള്‍ സഹായിച്ചു. ‘ഴ’, ‘റ’, ‘ള’ എന്നീ അക്ഷരങ്ങളെ മലയാളത്തില്‍ അരക്കിട്ടുറപ്പിച്ചത് എഴുത്തച്ഛനാണ്. സംസ്‌കൃതത്തിലെ ഖരം, അതിഖരം, മൃദു, ഘോഷം, അനുനാസികം എന്നീ വര്‍ഗ്ഗാക്ഷരങ്ങളെ മുഴുവന്‍ സ്വീകരിച്ച് ദ്രാവിഡചിത്രരൂപാക്ഷര തമിഴ്ഛായാക്ഷരലിപിയില്‍ ചിട്ടപ്പെടുത്തി. സംസ്്കൃതപദങ്ങളെ സംസ്‌കൃതപദവ്യാകരണനിബദ്ധമായും തത്സമങ്ങളെ ദ്രാവിഡഭാഷാവ്യാകരണാനുസാരിയായും യഥേഷ്ടം എഴുത്തച്ഛന്‍ പ്രയോഗിച്ചു. രാമസ്യ, സീതായാഃ, തുടങ്ങിയവ സംസ്‌കൃതപ്രയോഗങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. മലയാളലിപികളുടെ ഉപജ്ഞാതാവ് എന്നതിനേക്കാള്‍ പരിഷ്‌കര്‍ത്താവായിരുന്ന എഴുത്തച്ഛന്‍ നടപ്പില്‍ വരുത്തിയ ഭാഷാനയങ്ങള്‍ ഇനിയുമുണ്ടെങ്കിലും വിസ്താരഭയം കൊണ്ട് നീട്ടുന്നില്ല. ഇതുകൊണ്ടൊക്കെയാണ് എഴുത്തച്ഛനെ ഭാഷാപിതാവ് എന്ന് വിളിക്കുന്നത്. ഇത്തരത്തില്‍ മലയാളഭാഷാപരിണാമത്തിലും സാഹിത്യ ഭാവുകത്വപരിണാമത്തിലും നിര്‍ണായകസ്ഥാനമുള്ള ആചാര്യനെയാണ് തമസ്‌കരിക്കാന്‍ ആസൂത്രിതനീക്കം നടത്തുന്നത്. അതിന് മതത്തെ ഉപയോഗപ്പെടുത്താനാണ് ശ്രമമെങ്കിലും മതഭേദമന്യേ വിവേകമതികള്‍ ഇതിന് അനുവദിക്കുകയില്ല.
അതുവരെ ഇല്ലാതിരുന്ന ഒരു മലയാളം അദ്ദേഹം ‘ഉണ്ടാക്കി’ എന്നാണ് ഈ സാഹിത്യകാരന്‍ ധരിച്ചുവെച്ചിരിക്കുന്നത് എന്ന് തോന്നുന്നു. നിരന്തരം പരിണമിക്കുന്ന ഒന്നാണ് ഭാഷ എന്ന സാമാന്യജ്ഞാനം പോലും അദ്ദേഹത്തിന്റെ വാദങ്ങളില്‍ കടന്നുവരുന്നില്ലെങ്കിലും പറയട്ടെ, ശാസനങ്ങളിലും പാട്ട്-മണിപ്രവാളസാഹിത്യങ്ങളിലും മലയാളഭാഷയുടെ വളര്‍ച്ച കൃത്യമായി കാണാം. അതിന് ശാസനഭാഷകളുമായി ബന്ധപ്പെട്ട പഠനങ്ങളും മലയാളത്തില്‍ രചിക്കപ്പെട്ട സാഹിത്യചരിത്രഗ്രന്ഥങ്ങളും വായിച്ച് സംശയം തീര്‍ക്കണമെന്ന് അപേക്ഷ (ഗുണ്ടര്‍ട്ടിന്റെ കൃതികളടക്കം).
‘പലരാജ്യങ്ങളിലെയും ആളുകള്‍ കേരളത്തിലേക്ക് കച്ചവടത്തിനായി വന്നു. അതില്‍ ക്രിസ്ത്യാനികളും ജൂതന്മാരും ഉണ്ടായിരുന്നു. അവര്‍ അവരുടെ ഭാഷയില്‍ സാധനങ്ങള്‍ ഉണ്ടോ എന്ന് ചോദിക്കും. കേരളത്തിലുള്ളവര്‍ അവരുടെ ഭാഷയില്‍ ഉത്തരം പറയും’. തര്‍ക്കമില്ല. പക്ഷേ അടുത്തതായി വിനോയ് തോമസ് പറയുന്നത് ”അവരുടെ ഭാഷയും ഇവിടെയുണ്ടായിരുന്നവരുടെ ഭാഷയും കലര്‍ന്ന ഒരു വെങ്കലഭാഷയാണ് മലയാളം” എന്നാണ്. എന്തര്‍ത്ഥത്തിലാണ് മലയാളത്തെ വെങ്കലഭാഷയായി കാണുന്നത്? വിദേശഭാഷകളില്‍ നിന്ന് പല പദങ്ങളും മലയാളത്തിലേക്ക് ചേക്കേറിയിട്ടുണ്ട്. പദാവലി മറ്റ് ഭാഷകളില്‍ നിന്നു സ്വീകരിക്കുന്നതിനെയല്ല വെങ്കലഭാഷയെന്നോ മിശ്രഭാഷയെന്നോ പറയുന്നത്. മലയാളം നിലനില്‍ക്കുന്നത് ദ്രാവിഡഭാഷാ സ്വഭാവത്തില്‍ത്തന്നെയാണ്. അത് ഘടനാപരമായി പോര്‍ച്ചുഗീസ് ഭാഷയോടോ മറ്റോ യോജിച്ചുനില്‍ക്കുന്നതല്ല. അതിന്റെ വേരുകള്‍ ദ്രാവിഡത്തിലാണ്. സംസ്‌കൃതത്തിന്റെ സ്വാധീനം കൂടുതല്‍ ഉണ്ടായത്കൊണ്ടും ദേശപരിണാമങ്ങള്‍ക്കനുസരിച്ചും തമിഴില്‍ നിന്ന് വ്യത്യസ്തമായി എന്ന് മാത്രം. പദാവലിയിലല്ലാതെ മലയാളഭാഷയുടെ ഘടനയെ എഴുത്തുകാരന്‍ സൂചിപ്പിച്ച ഈ ഭാഷകള്‍ എങ്ങനെ സ്വാധീനിച്ചു എന്ന് പറയാമോ? മലയാളം പിന്തുടരുന്നത് ദ്രാവിഡവ്യാകരണം തന്നെയാണ്.
ഭാഷയുടെ ഒരു സ്വഭാവവുമില്ലാതിരുന്ന മലയാളത്തെ എഴുത്തച്ഛനാണോ നിര്‍മിച്ചത് എന്നതാണ് അടുത്ത ചോദ്യം. മലയാളം ഒരു സ്വാഭാവികഭാഷയാണ്. അത് നിര്‍മിച്ചത് എഴുത്തച്ഛനല്ല. അതിനും മുമ്പ് ചെറുശ്ശേരി രചന നടത്തിയതുമാണ്. മലയാളഭാഷയ്‌ക്ക് വ്യവസ്ഥാപിതമായ കെട്ടുറപ്പ് നല്‍കുകയാണ് എഴുത്തച്ഛന്‍ ചെയ്തത്. ഇവിടത്തെ ഭാഷയ്‌ക്കും ഭാഷകര്‍ക്കും വേണ്ടിയാണ് എഴുത്തച്ഛനു മുമ്പ് ജീവിച്ചിരുന്നവരും എഴുതിയത്. കേരളത്തിന്റെ അദ്ധ്യാത്മികവും തത്ത്വചിന്താപരവുമായ അസ്തിത്വത്തെ റദ്ദ് ചെയ്തുകൊണ്ട് നടത്തുന്ന ഈ മിഷണറിസ്തുതി അനാവശ്യമായ ചര്‍ച്ചകളിലേക്കാണ് നയിക്കുക. നിഘണ്ടു തയ്യാറാക്കിയതിലും മലയാളം പഠിച്ച് മലയാളത്തില്‍ വ്യാകരണം ചമച്ചതിലും ലിപിപരിഷ്‌കരണം നടപ്പാക്കിയതിലും മിഷണറിമാരെ അംഗീകരിക്കാനും അത് പഠിക്കാനും മലയാളി തയ്യാറായിട്ടുണ്ട്. അച്ചടിമേഖലകളിലെ മിഷണറിസംഭാവനകളും വിസ്മരിക്കാന്‍ പാടുള്ളതല്ല. എന്നാല്‍ ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഭാഷയെ ഉപകരണമാക്കി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങളായിത്തന്നെ കാണണം.
1498ല്‍ പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വന്നെങ്കിലും പതിനെട്ടാം നൂറ്റാണ്ട് മുതലാണ് പാതിരിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കേരളത്തിലുണ്ടായത്. അതിനും എത്രയോ മുമ്പുള്ള മലയാളത്തിന്റെ പ്രാചീനത തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വേദകാലം മുതല്‍ കേരളത്തിന്റെ മാത്രമായ സംജ്ഞകള്‍ പ്രത്യക്ഷപ്പെടുന്നുവെങ്കിലും ബിസി 300- 277ന് ഇടയിലുണ്ടായ അശോകന്റെ രണ്ടാം ശാസനം 2500 വര്‍ഷങ്ങള്‍ക്ക് മുമ്പേ കേരളവും ഇവിടെ അഭിജാതജനവര്‍ഗ്ഗവും ഉണ്ടായിരുന്നു എന്നതിന് തെളിവാണ്. ശാസനത്തില്‍ ‘കേതലപുത’ എന്ന പാലീഭാഷാരൂപം കാണാം. കേരളപുത്രനാണ് ‘കേതലപുതം’. എടയ്‌ക്കല്‍ ഗുഹാലിഖിതങ്ങളിലെ (എഡി 2 മുതല്‍ 5 നൂറ്റാണ്ട് വരെ) ഏഴ് ലിഖിതങ്ങളില്‍ മലയാളത്തിന്റെ സ്വന-രൂപിമവ്യവസ്ഥകളാണ് കാണുന്നത്. ചേരം എന്ന പുരാതനസംജ്ഞയിലും പട്ടണംലിഖിതങ്ങളിലും (ബിസി ഒന്നാം നൂറ്റാണ്ട്) മലയാളത്തനിമയുള്ള പ്രാചീനതയ്‌ക്ക് ചരിത്രപരമായ തെളിവുകളുണ്ട്. സംഘകാലസാഹിത്യത്തിന് കേരളം നല്‍കിയ സംഭാവന ചെറുതല്ല. ചിലപ്പതികാരവും പതിറ്റുപ്പത്തും ഐങ്കറുനൂറും പെരുമാള്‍ത്തിരുമൊഴിയും അകനാനൂറും പുറനാനൂറും മറ്റും കേരളത്തിന്റെ സംഘസാഹിത്യത്തിനുള്ള സംഭാവനകളാണ്. തമിഴകത്തിന്റെ ഭാഗമായി കേരളസംസ്‌കാരവും കേരളഭാഷയും വര്‍ത്തിച്ചിരുന്നുവെങ്കിലും കേരളഭാഷയില്‍ ‘മലനാട്ടുവഴക്കങ്ങള്‍’ ധാരാളമായിട്ടുണ്ടായിരുന്നു. വ്യക്തിത്വമുള്ള മലയാളഭാഷ അന്നേ രൂപപ്പെട്ടു. അല്ലാതെ, മിഷണറിമാര്‍ കേരളത്തില്‍ വന്നതിന് ശേഷമല്ല മലയാളത്തിന് ഭാഷാസ്വത്വം ലഭിച്ചത്.
രാമചരിതം, വൈശികതന്ത്രം, ഭാഷാകൗടലീയം മുതലായ പ്രാചീനകൃതികള്‍ മലയാളത്തിന്റെ ഭാഷാപരവും സാഹിത്യപരവുമായ ഘടനാവികാസത്തിന്റെ ജീവിക്കുന്ന തെളിവുകളാണ്. ഈ കൃതികള്‍ മലയാളഭാഷയ്‌ക്ക് അതിന് മുമ്പ് നൂറ്റാണ്ടുകളുടെ വികാസപരിണാമചരിത്രമുണ്ടെന്ന് തെളിയിക്കുന്നു. അര്‍ത്ഥശാസ്ത്രം പോലെ അനേകം മാനങ്ങളുള്ള ഒരു ശാസ്ത്രഗ്രന്ഥത്തിന്റെ ആദ്യത്തെ തര്‍ജ്ജമ മലയാളത്തിലാണ് നടന്നത് എന്നത് പ്രാചീനമലയാളഗദ്യത്തിന് ഘടനാപരമായ അടിത്തറ അന്നേ നിര്‍മ്മിക്കപ്പെട്ടുകഴിഞ്ഞു എന്നു തെളിയിക്കുന്നു. ഇവിടെയാണ് പാതിരിമലയാളമാണ് മലയാളഭാഷയുടെ ഘടനാപരമായ അസ്തിവാരം നിര്‍മിച്ചതെന്ന വാദം പൊളിയുന്നത്. കാരണം, ഭാഷയെ സംബന്ധിച്ചിടത്തോളം അതിന്റെ ഘടനയാണ് സര്‍വപ്രധാനം.
മലയാളഭാഷയുടെ ഒരു വികൃതരൂപമാണ് പാതിരിമലയാളം എന്ന് ഡോ. പി.വി വേലായുധന്‍ പിള്ള അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം, ക്രിസ്തുമതപ്രചാരണം ആയിരുന്നു ക്രിസ്ത്യന്‍ മിഷണറിമാരുടെ ഉദ്ദേശ്യം. അതുകൊണ്ടാണ് അവര്‍ സാമാന്യവ്യവഹാരഭാഷയിലിരിക്കുന്ന പദങ്ങള്‍ ഉപയോഗിച്ചത്. ഇതൊരു മേന്മയായി പറയാമെങ്കിലും പദങ്ങള്‍ കൊണ്ട് മാത്രം ഭാഷ രൂപപ്പെടുകയില്ല. ഭാഷയെന്നാല്‍ ഘടനാപരമായ സവിശേഷതകളാണ്.
എന്നാല്‍ പാതിരിമലയാളത്തിന് ഘടനാവിശേഷങ്ങള്‍ ഉണ്ട്. സംസ്‌കൃതം മലയാളത്തില്‍ ചേര്‍ന്നതുപോലെ പാതിരിമലയാളത്തെ ഘടനാപരമായി സാമാന്യമലയാളത്തോട് ചേര്‍ക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഇത് തെളിയിക്കുന്നത് പാതിരിമാര്‍ കേരളത്തില്‍ വന്നുചേരുന്നതിന് മുമ്പ് തന്നെ ഇവിടുത്തെ ഭാഷ ഘടനാപരമായി വ്യവസ്ഥാപിതമായിത്തീര്‍ന്നു എന്നാണ്.
മുമ്പും ചില ‘പണ്ഡിതന്മാര്‍’ പാതിരിമലയാളത്തെ ആധുനികമലയാളത്തിന്റെ പ്രതിനിധാനമായി ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പണ്ഡിതഭാഷവിട്ട് സാമാന്യഭാഷാകോശം പാതിരിമാര്‍ മലയാളത്തിന് സംഭാവന ചെയ്തിട്ടുണ്ട്. എന്നാല്‍ മലയാളഭാഷയുടെ ശൈലിയും ഘടനയും പാതിരിമലയാളകൃതികള്‍ എഴുതിയ പാതിരിമാര്‍ക്ക് അറിയില്ലായിരുന്നു. ക്രിസ്ത്യാനികളുടെ മലയാളബൈബിളും ദൈനംദിന പ്രാര്‍ത്ഥനാഗ്രന്ഥങ്ങളും ഈ അഭിപ്രായത്തെ സാധൂകരിക്കുന്നതായി ഡോ പി വി വേലായുധന്‍ പിള്ള ചൂണ്ടിക്കാട്ടുന്നു. പ്രശസ്തഭാഷാശാസ്ത്രജ്ഞനായ എല്‍ വി രാമസ്വാമി അയ്യര്‍ ‘പതിനെട്ടാം നൂറ്റാണ്ടിലെ ഗദ്യം’ എന്ന ദീര്‍ഘമായ ലേഖനപരമ്പര എഴുതിയിട്ടുണ്ട്. വര്‍ത്തമാനപ്പുസ്തകത്തിലെയും സംക്ഷേപവേദാര്‍ത്ഥത്തിലെയും ഭാഷയാണ് അതില്‍ ചര്‍ച്ച ചെയ്യുന്നത്. ശൈലിയിലും, പദസംഹിതയിലും വാക്യഘടനയിലും ഈ ഗ്രന്ഥങ്ങളിലെ ഭാഷ പ്രകടമായ വിധത്തില്‍ സുറിയാനി മുതലായ വിദേശഭാഷകളുടെ സ്വാധീനതയില്‍പ്പെട്ടിരിക്കുന്നതായി എല്‍.വി.ആര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പാട്ട്, മണിപ്രവാളം തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെയും, രാമചരിതം, കണ്ണശ്ശകൃതികള്‍, കൃഷ്ണഗാഥ, എഴുത്തച്ഛന്‍ കൃതികള്‍, പൂന്താനം കൃതികള്‍, നളചരിതം, കുഞ്ചന്‍കൃതികള്‍, നാടോടിപ്പാട്ടുകള്‍, ബ്രഹ്‌മാണ്ഡപുരാണം, ഭാഷാകൗടലീയം തുടങ്ങിയ എണ്ണമറ്റ കൃതികളിലൂടെയും സാമാന്യവ്യവഹാരത്തിലൂടെയും, ക്രിസ്ത്യന്‍ മിഷണറിമാര്‍ വരുന്നതിന് എത്രയോ മുമ്പ്തന്നെ മലയാളഭാഷയുടെ ഘടനാപരമായ സവിശേഷതകള്‍ രൂപപ്പെടുകയും പരിണമിക്കുകയും ചെയ്തിരുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.
ഭാഷാപഠനത്തിന് വെളിച്ചം നല്‍കിയതില്‍ ഇന്ത്യന്‍മണ്ണിന്റെ പ്രാധാന്യം ഇതോടനുബന്ധിച്ച് കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. ശിക്ഷ, വ്യാകരണം, നിരുക്തി തുടങ്ങിയ വേദാംഗങ്ങളും അഷ്ടാദ്ധ്യായി അടക്കമുള്ള ഗഹനമായ വ്യാകരണകൃതികളും അടങ്ങുന്നതാണ് ഭാരതീയപാരമ്പര്യം. മതപ്രചാരണത്തിന് വൈദേശികശക്തികള്‍ വരുന്നതിനും മുമ്പ് തലയെടുപ്പോടെ നിന്ന സര്‍വകലാശാലകള്‍ നമുക്കുണ്ടായിട്ടുണ്ട്. അവിടെ നാനാവിധത്തിലുള്ള വൈജ്ഞാനികോത്പ്പാദനം നടന്നിട്ടുണ്ട്. സംഘംകൃതികളില്‍പ്പോലും ഇന്നത്തെ മലയാളവുമായി ചേര്‍ന്നുനില്‍ക്കുന്ന ഘടകങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞ് ക്ലാസിക്കല്‍ പദവി ലഭിച്ച് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും, മലയാളം വെങ്കലഭാഷയാണ് എന്ന് പറയുന്നതിന്റെ ലക്ഷ്യം കേരളീയസ്വത്വത്തെ റദ്ദ് ചെയ്യലാണ്. മലയാളഭാഷയ്‌ക്കും ഭാരതീയ ഭാഷകള്‍ക്കും കാല്‍ഡ്വല്‍, ഫ്രാന്‍സിസ് വൈറ്റ് എല്ലിസ്, എമനോ, ബറോ, ഗുണ്ടര്‍ട്ട്, ബെഞ്ചമിന്‍ ബെയിലി, ഫ്രോണ്‍മേയര്‍, സ്പ്രിങ്, ജോസഫ് പീ
റ്റ്, ജോര്‍ജ് മാത്തന്‍ തുടങ്ങിയ മിഷണറിമാര്‍ നല്‍കിയ സംഭാവനകള്‍ മറന്നിട്ടില്ല. പക്ഷേ അവരെല്ലാം മലയാളത്തെ രേഖപ്പെടുത്തുകയും പരിഷ്‌കരിക്കുകയുമാണ് ചെയ്തത്. ഭാഷയുണ്ടായതിന് ശേഷമാണ് അതിന് വ്യാകരണമുണ്ടാവുന്നത്. അല്ലാതെ മിഷണറിമാര്‍ നിര്‍മിച്ച വ്യാകരണനിയമങ്ങള്‍ക്കനുസരിച്ച് ഉണ്ടാക്കിയെടുത്ത ഭാഷയല്ല മലയാളം.
എഴുത്തച്ഛനെ റദ്ദ് ചെയ്യുന്നതിന് പിന്നിലുള്ളത് കേരളത്തിന്റെ അദ്ധ്യാത്മികപാരമ്പര്യത്തെ റദ്ദ് ചെയ്യുക എന്നത് തന്നെയാണ്. വാല്‍മീകി രാമായണത്തില്‍ നിന്നു രാമനെ അദ്ധ്യാത്മികബോധത്തിന്റെ പ്രതീകമായ രാമനാക്കിയതില്‍ എഴുത്തച്ഛന് വലിയ പങ്കുണ്ട്. അത് അന്ന് എഴുത്തച്ഛനെഴുതിയത് അന്നത്തെ കേരളീയ സമൂഹത്തിന് വേണ്ടിയാണ്. ഇന്നും അദ്ധ്യാത്മികദര്‍ശനത്തിന് വേണ്ടി ഉപയോഗിക്കുന്നുവെങ്കില്‍ അത് തുഞ്ചത്തെഴുത്തച്ഛനെന്ന ഋഷികവിയുടെ കാലാതീതമായ മഹത്ത്വം മാത്രം!
















