കൊച്ചി: അദ്വൈതം സമാധാനത്തിനും ഐക്യത്തിനും വഴിയൊരുക്കുന്ന തത്വചിന്തയാണെന്ന് പന്തളം എന്‍എസ്എസ് കോളജ് അസി. പ്രൊഫ. ഡോ. ജി. ആനന്ദരാജ് പറഞ്ഞു. ആദിശങ്കര ജയന്തിയോടനുബന്ധിച്ച് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാനും ജന്മഭൂമിയും ചേര്‍ന്ന് സംഘടിപ്പിച്ച ഏകദിന സെമിനാറില്‍ ‘ലോകക്രമം- സംഘര്‍ഷം-അദ്വൈത വ്യാഖ്യാനം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘര്‍ഷങ്ങളുടെ അടിസ്ഥാന കാരണം എന്തെന്ന് തിരിച്ചറിയാന്‍ അദ്വൈതദര്‍ശനം സഹായിക്കും. എല്ലാ സംഘര്‍ഷങ്ങളുടെയും മൂലകാരണം അജ്ഞാനം (അവിദ്യ) ആണെന്ന് ഇത് പഠിപ്പിക്കുന്നു. മനുഷ്യന്‍ തമ്മില്‍ വേറിട്ടവരാണെന്ന് കരുതുന്നിടത്താണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. എല്ലാം ഒരേ സത്യത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയുമ്പോള്‍ മറ്റൊരാള്‍ക്ക് ദോഷം ചെയ്യുന്നതെന്തും സ്വയം ദോഷമായി മാറുന്നു എന്ന തിരിച്ചറിവുണ്ടാകും. അദ്വൈത ദര്‍ശനം ഇതാണ് മാനവരാശിക്ക് പ്രദാനം ചെയ്യുന്നത്. ഇത്തരത്തില്‍ വിശകലനം ചെയ്യുമ്പോള്‍ നിലവിലുള്ള ആഗോള സംഘര്‍ഷങ്ങള്‍, ഭൂമിശാസ്ത്രപരമായ സംഘട്ടനങ്ങള്‍, ആശയപരമായ തീരുമാനങ്ങള്‍ എന്നിവയെല്ലാം ദ്വൈത ചിന്തയുടെ ഭാഗമാണെന്ന് തിരിച്ചറിയാനാകുമെന്നും ഡോ. ആനന്ദരാജ് പറഞ്ഞു.
ചേര്‍ത്തല എന്‍എസ്എസ് കോളജ് അസി. പ്രൊഫസര്‍ ഡോ. എന്‍.കെ. പ്രവീണ്‍ അധ്യക്ഷത വഹിച്ചു. ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സംബന്ധിച്ചു. ജന്മഭൂമി മാര്‍ക്കറ്റിങ് മാനേജര്‍ വി.കെ. സുരേന്ദ്രന്‍ നന്ദി പറഞ്ഞു.
















