സൂര്യന്റെ ചുംബനമേല്‍ക്കുമ്പോള്‍ വിരിയുന്നു
സന്ധ്യതന്‍ നിശ്ശബ്ദ നേരത്തിലടയുന്നു
കാലത്തിന്‍ താളങ്ങളറിയുന്ന കമലമേ
കണ്ണിന് കൗതുകമാകട്ടെ നിത്യവും
താമരയില്‍ വാഴുന്ന ദേവിയെ കാണുമ്പോള്‍
ദേവന്റെ പാദങ്ങള്‍ സ്പര്‍ശിക്കും പുഷ്പമായ്
ഭക്തിതന്‍ സൗഭാഗ്യമാകുന്നു താമര.
ചെളിയില്‍ വിരിഞ്ഞാലും മാലിന്യമേല്‍ക്കാത്ത
ചാരുതയാര്‍ന്നൊരു കമലമേ നീ
ശുദ്ധിതന്‍ അത്ഭുതമായി വിളങ്ങട്ടെ
ശക്തിതന്‍ പര്യായമാകട്ടെ നിത്യവും.
ജീര്‍ണിച്ച തത്വശാസ്ത്രങ്ങള്‍ക്കു പകരമായ്
ഉയരട്ടെ പുതുപുത്തന്‍ ചിന്തകള്‍ ചുറ്റും
ജനതയുടെ സ്വപ്‌നങ്ങള്‍ ചിറകു വിരിയ്‌ക്കട്ടെ
ജന്മസാഫല്യമായ് വിരിയട്ടെ താമര.
അംബുജം വിരിയുമ്പോള്‍ ആമോദമുണരണം
അംബുജം നമ്മുടെ ദേശീയ പുഷ്പമല്ലേ
പുഷ്പവും കിടാങ്ങളും നാടിന്റെ സമ്പത്തല്ലേ
കണ്ണിനും കരളിനും നിറയുന്ന സന്തോഷമല്ലേ.
മലയാള നാട്ടിലും താമര വിരിയട്ടെ
മാറ്റത്തിന്‍ ശംഖൊലി എങ്ങും മുഴങ്ങട്ടെ
ഒരു ശുദ്ധികലശത്തിന്‍ വേദിയൊരുങ്ങട്ടെ
ഒരുമതന്‍ ചിഹ്‌നമായ് വിരിയട്ടെ താമര.
















