സൂര്യതേജസില്‍ അധിഷ്ഠിതമാണ് നമ്മുടെ പ്രപഞ്ചവും അതിലെ സകലചരാചരങ്ങളും അവയുടെ ജീവിതവും. എല്ലാത്തിനെയും പോഷിപ്പിക്കുന്ന പോഷാവായി പ്രാചീന ദര്‍ശനങ്ങളില്‍ സൂര്യന്‍ വാഴ്‌ത്തപ്പെടുന്നുണ്ട്. സൂര്യന്റെ എല്ലാവിധ സ്വഭാവത്തെയും അത്യധികം സൂചിപ്പിക്കുന്ന ഒരു ആഘോഷമാണ് വിഷു. ശാസ്ത്രീയമായ പശ്ചാത്തലം നോക്കിയാലും വിഷുവിന് സൂര്യനുമായാണ് ബന്ധം.
മനുഷ്യവംശത്തിന്റെ നിത്യജീവിതത്തെപ്പോലും സ്പര്‍ശിക്കുന്ന ഒരാഘോഷമാണ് വിഷു. അതിനാല്‍ നമ്മള്‍ കണിവച്ചും കൈനീട്ടം കൊടുത്തും വിഷുവിനെ സാദരം വരവേല്‍ക്കുന്നു. ആറ് ഋതുക്കളാണ് ഉള്ളത്. അതില്‍ ഏറ്റവും മനോഹരമായ ഋതു വസന്തമാണ്. കേരളത്തില്‍ വസന്തം എത്തുന്നത് മേടമാസത്തിലാണ്. ആ വസന്തത്തിന്റെ പൂരപ്പൊലിമയാണ് വിഷു. മണ്ണും മനുഷ്യനും ഋതുപ്പകര്‍ച്ചയുടെ വിശ്വാസവുമെല്ലാം ഇവിടെ ഒന്നിക്കപ്പെടുന്നു.
സൂര്യനും വിഷുവുമായി അഭേദ്യമായ ബന്ധമുണ്ട്. മീനരാശിയില്‍ നില്‍ക്കുന്ന സൂര്യന്‍ മേടരാശിയിലേക്ക് പ്രവേശിക്കുന്നദിവസമാണ് വിഷുമുഹൂര്‍ത്തം. സൂര്യ സഞ്ചാരം സാങ്കല്പിക ഭൂമധ്യരേഖ കടക്കുന്നത് ആ ദിവസമാണ്. ആ സംക്രമ ബിന്ദുവിന് നമ്മുടെ പൂര്‍വികര്‍ വിഷുവബിന്ദു എന്ന് പേരു നല്‍കി. ആ ദിവസം രാത്രിക്കുംപകലിനും തുല്യദൈര്‍ഘ്യമായിരിക്കും. ഭൂമധ്യരേഖയോട് ഏറ്റവും അടുക്കുന്ന സൂര്യന്റെ ഉച്ചസ്ഥായിഭാവം ഭൂമിയെ കൂടുതല്‍ ശക്തമാക്കുന്ന സമയം കൂടിയാണ്. പകലുംരാവും തുല്യമായിവരുന്നത് എന്നര്‍ത്ഥമുള്ള വിഷുവം എന്ന വാക്കില്‍ നിന്നാണ് വിഷു ഉണ്ടായത്. സൂര്യസഞ്ചാരം നിര്‍ണയിച്ച് സഞ്ചാരപഥം അടയാളപ്പെടുത്തുന്ന രണ്ടു വിഷുദിനങ്ങള്‍ ഭാരതീയര്‍ ഇന്നും ആഘോഷിക്കുന്നുണ്ട് അത് മേടവിഷുവും തുലാവിഷുവുമാണ്.
വസന്തവിഷു എന്നുപറയപ്പെടുന്നുണ്ടെങ്കിലും പൊതുവേ കൃഷിയുടെ ഭാഗമായാണ് വിഷു ആഘോഷിക്കുന്നത്. കാര്‍ഷികമായ തയാറെടുപ്പുകളുടെയും പ്രത്യാശയുടെയും സമൃദ്ധിയുടെയും പ്രതീകമായി വിഷു ആഘോഷാചരണങ്ങള്‍ നിലനില്‍ക്കുന്നു. കര്‍ഷകന്റെ കൃഷിത്തോട്ടങ്ങ ളുടെ, നാടന്‍ഉത്സവത്തിന്റെ ഒക്കെ ഒരു സൗന്ദര്യാത്മകമായ പ്രത്യേകത വിഷുവിനുണ്ടായിരുന്നു. വിഷുപ്പക്ഷിഎന്ന് വിളിക്കപ്പെടുന്ന മഞ്ഞക്കിളി വിത്തും കൈക്കോട്ടും പാടിയെത്തുന്ന സമയമാണ് വിഷുക്കാലം.
വേനല്‍മഴയത്ത് ഉര്‍വ്വരയായ ഭൂമിയില്‍ വിത്തിടും. ഈ മുഹൂര്‍ത്തത്തില്‍ ‘വിത്തിടാം, വിളവുകാക്കാം’ എന്ന ഒരു പ്രതിജ്ഞ നമുക്ക് തരുന്നതായി ഇവിടെ സങ്കല്പമുണ്ട്. ഒരു കാര്‍ഷികാഘോഷം എന്ന നിലയില്‍ അതിപ്രാചീനകാലം മുതല്‍ തന്നെ വിഷു ആഘോഷിച്ചു വരുന്നു. ഇത് ഒരുദ്രാവിഡ ആഘോഷമാണെന്നുകൂടി ചിലര്‍വിശ്വസിക്കുന്നു. മംഗളസൂചകങ്ങളായ കൊന്നപ്പൂവും കണിവെള്ളരിയും എല്ലാംതന്നെ വച്ചൊരുക്കുന്ന ‘പൊന്‍വിഷുക്കണി’കണ്ടുകൊണ്ടാണ് വിഷുശുഭദിനം ആരംഭിക്കുന്നത്. മലയാളിയുടെ മറക്കാനാവാത്ത സൗന്ദര്യസങ്കല്‍പ്പങ്ങളുടെ ആകെക്കാഴ്ചയാണ് വിഷുക്കണി.
ജ്യോതിശാസ്ത്രപ്രകാരം ഉള്ള വര്‍ഷാരംഭം എന്നതിലുപരി ധനധാന്യാദികളും മംഗളങ്ങളായ എല്ലാ വസ്തുക്കളുംനിറയുന്ന വിഷുദിനം എല്ലാ മലയാളിയുടെയും ഓര്‍മ്മച്ചിത്രങ്ങളാണ്. കത്തിക്കാളുന്ന മീനച്ചൂടില്‍നിന്ന് ഇളംവര്‍ഷബിന്ദുക്കള്‍ തണുപ്പിക്കുന്ന മധുരമായ ഒരു ഉണര്‍വിലേക്ക് മേടം നമ്മളെ കൊണ്ടെത്തിക്കുന്നു. ഓരോ നിമിഷങ്ങള്‍പോലും വിഷുവിനെ കാത്തിരിക്കുന്ന പോലെ !
മനുഷ്യന് സന്താനങ്ങള്‍ എന്നപോലെ ഫലവൃക്ഷങ്ങള്‍ക്കും ഫലാഗമം ഉണ്ടാകുമ്പോഴാണ് ജന്മം സാര്‍ത്ഥകമാവുക. വിഷുക്കാലം ഏറെക്കുറെതന്നെ ഫലസമൃദ്ധിയുടെ കാലംകൂടിയാണ്. ഓരോ വൃക്ഷ വുംനിറയെ കിനിഞ്ഞുതൂങ്ങുന്ന കായ്‌കനികളാല്‍ ശിരസുകുനിഞ്ഞുനില്‍ ക്കുന്ന വസന്തത്തെ ആരാണ് ഇഷ്ടപ്പെടാത്തത്. വിഷുവിന് പലപ്രകാരേണ ഏറെ പ്രാധാന്യമുണ്ട്. പകലും രാവും തുല്യമാകുന്ന ദിനം, മലയാളിയുടെ പുതുവത്സരാരംഭം, ദക്ഷിണായനത്തില്‍ നിന്ന് ഉത്തരായനത്തിലേക്കു കടക്കുന്ന ദിവസം, എന്നിങ്ങനെ ഒട്ടനവധി പ്രത്യേകതകള്‍ നിറഞ്ഞ ദിനമാണ് വിഷുദിനം. പ്രകൃതിയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ പുണ്യദിനം കൂടിയാണ് വിഷു.
പരസ്പരസ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ചരിത്രവും ഇതിനുണ്ട്. തൊഴിലാളികള്‍ ആദരപൂര്‍വ്വം തങ്ങളുടെ വിളകള്‍ നല്കിയും തൊഴിലുടമ സ്‌നേഹവും വിശ്വാസ്യതയും നിറഞ്ഞ ‘കൈനീട്ടം’ നല്കിയും അവരുടെ പരസ്പര ഐക്യം ഊട്ടിയുറപ്പിക്കുന്നു. ഇതിലൂടെ ലഭ്യമാകുന്ന ‘കൈനേട്ടം’ തുടര്‍ന്നുള്ള ജീവിതത്തിന്റെ തന്നെ ദൃഢമായ നേട്ടമായി ഭവിക്കുന്നു. കായ്‌കനികളും വിഷുക്കണിയായി ഒരുക്കുന്നതി ലൂടെ പ്രകൃതിയുമായി എക്കാലവും ഹൃദയബന്ധം സ്ഥാപിച്ചുനില്‍ക്കുന്ന ഒരു കാര്‍ഷിക സംസ്‌കാരം ചിരപുരാതനകാലമായി വിളംബരംചെയ്യപ്പെടുന്നതിന്റെ സ്ഥായീഭാവം കൂടിയാണ്. വിഷുക്കണി അതിന്റെ പ്രത്യക്ഷ സാക്ഷ്യമാണ്. വിഷുക്കണിയില്‍ സ്ഥാനം പിടിക്കുന്ന എല്ലാ വസ്തുക്കളും നമ്മുടെ കാര്‍ഷിക അധ്വാനത്തിന്റെ ഫലമായി ലഭിക്കുന്ന വിളകള്‍ തന്നെയാണ്.
” വിജയമങ്ങേയ്‌ക്ക് വിഷുവമേ ലോക –
പൂജനീയോത്സവതിലകമേ
മഹിമ തിങ്ങുന്നൊരവിടുത്തേ കാണ്മാന്‍
ബഹുലക്ഷം നേത്രം ഉഴലുന്നു ! ”
അതെ, വിഷുവിന്റെ കമനീയതയും സമൃദ്ധിയും സൗഭാഗ്യവും മതിയാവോളവുംകണ്ടു കണ്ണുനിറയുവാന്‍ ഓരോ മലയാളിയും കൊതിയോടെയാണ് കണ്ണു തുറക്കുന്നത്. പ്രാചീന ചരിത്രരേഖകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള, വിഷു അത്രയേറെ പ്രാധാന്യമര്‍ഹിച്ചിരുന്നു.
മഹോദയപുരത്തെ പ്രസിദ്ധനായ ചക്രവര്‍ത്തി ഭാസ്‌കര രവിവര്‍മ്മന്റെ ഭരണകാലത്തില്‍ എഴുതപ്പെട്ട ‘തൃക്കൊടിത്താനം ശാസന’ത്തില്‍ വിഷു വിനെ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
കോര്‍പ്പാക്കര ഇരവി രവിവര്‍മ്മന്‍ തിരുവടിയ്‌ക്കു ചെല്ലാനിന്റെക്കെതിരാമാണ്ട് നാല്പത്തിയെട്ടാംആണ്ട് തുലാത്തില്‍ വിഴാചിത്തിരവിഴുവിന്‍നാള്‍ അപൂര്‍ണ്ണമായ ആ രേഖയില്‍ചേര്‍ത്തിരിക്കുന്ന ‘ചിത്തിരവിഴു’ നമ്മുടെ കാര്‍ഷിക ഉത്സവമായ ”വിഷു”തന്നെയാണ്. ബാക്കി നടന്ന സംഭവത്തെക്കുറിച്ച് രേഖകളില്‍ വിവരിച്ചിട്ടില്ല. മഹോദയ പുരം തലസ്ഥാനമാക്കി എഡി എട്ടാംആണ്ട് മുതല്‍ പന്ത്രണ്ടാംആണ്ട് വരെ കേരളം ഭരിച്ച കുലശേഖര ചക്രവര്‍ത്തിമാരില്‍ പ്രധാനിയാണ് ഭാസ്‌കര രവിവര്‍മ്മ. അക്കാലത്തെ പല ശാസനങ്ങളും കേരളത്തിലെ പ്രധാന വിഷ്ണുക്ഷേത്രങ്ങളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. അതിനാല്‍ കുലശേഖരന്മാര്‍ വൈഷ്ണവ വിശ്വാസികളാണെന്നാണ് കാണുന്നത്.
ഇക്കാലത്ത് വൈഷ്ണവ വിശ്വാസവുമായി ബന്ധപ്പെട്ട ‘വിഷു’വിന് കേരളത്തില്‍ പ്രചുര പ്രചാരം കിട്ടി. എന്നാല്‍ ഇതിനു വളരെ കാലം മുന്‍പു മുതലേ വിഷു കേരളത്തില്‍ ആഘോഷിക്കപ്പെട്ടിരുന്നു എന്ന് ചരിത്രനിരീക്ഷകര്‍ കരുതുന്നു. ഇക്കാലത്തെ രവിവര്‍മ്മയുടെ കാലഘട്ടവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. കേരളത്തിന്റെ സുവര്‍ണ കാലഘട്ടമായ രവിവര്‍മ്മയുടെ കാലത്താണ് ശാസ്ത്ര സാങ്കേതിക ഗണിതരംഗങ്ങളില്‍ കേരളം അത്യുന്നതങ്ങളില്‍ എത്തിയത്.’ശങ്കരനാരായണീയം’എന്ന ഗണിതശാസ്ത്ര ഗ്രന്ഥത്തിന്റെ രചനയും ഇക്കാലത്താണ്. മഹോദയപുരത്തെ നക്ഷത്ര-ജ്യോതിശാസ്ത്ര ഗവേഷണരംഗത്തെ പുരോഗതികള്‍ വിലയിരുത്തുമ്പോള്‍ വിഷുവിന്റെ ജ്യോതിശാസ്ത്ര പ്രാധാന്യം അക്കാലത്തുതന്നെ കണ്ടറിഞ്ഞിരുന്നു എന്ന് വേണം കരുതാന്‍.
എന്നാല്‍ വിഷുവും ഓണവും എല്ലാം ഇക്കാലത്തിനു മുന്‍പേതന്നെ കേരളത്തില്‍ ആഘോഷിക്കപ്പെട്ടിരുന്നു എന്നതിന് ചരിത്ര രേഖകള്‍ ഉണ്ടായിരുന്നുവെങ്കിലും അവയ്‌ക്കൊന്നും അടിസ്ഥാനപരമായ ആചാര രീതികളോ ചിട്ടകളോ അന്ന് കണ്ടുവന്നിരുന്നില്ല. പഴയകാലത്ത് ”ഉഴവിഴ ല്‍” എന്നൊരു ചടങ്ങ് ഉണ്ടായിരുന്നു. അതൊരു പ്രത്യേകതരം കൃഷിരീതിയായിരുന്നു കാടുംപടലും വെട്ടിത്തെളിച്ചു തീയിടും. അതിനു ശേഷം വയലേലകളില്‍-കൃഷിയിടങ്ങളില്‍ വിളയിറക്കും. ഇത് നടത്തിയിരുന്നത് മേടമാസത്തിലാണ്.
കണികണ്ട് ഭൂമിയെവന്ദിച്ച് കൃഷിചെയ്യുന്ന കര്‍ഷകന് പ്രകൃതിക്ഷോഭങ്ങളെയോര്‍ത്തു ഭയമില്ലായിരുന്നു. വിഷുദിവസംമുതല്‍ ഒരു വര്‍ഷത്തേക്ക് ഉണ്ടാകുന്ന ശുഭാശുഭങ്ങള്‍ വിഷുക്കണിയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. മറ്റെല്ലാ ആഘോഷത്തേക്കാളും ജ്യോതിശാസ്ത്രപരമായ പ്രാധാന്യവും വിഷുവിനുണ്ട്. ഒരു കൃഷീവലന്റെ ഗോക്കളെ മേയ്‌ക്കുന്ന ”ഗോപാല ബാല”ന്റെ പ്രതീകമാണ് ‘കണി’ക്കാഴ്‌ച്ചയില്‍ ഒന്നാം സ്ഥാനം പിടിക്കുന്ന ”മണിവര്‍ണ്ണന്‍” ! ഇത് നമ്മുടെ കാര്‍ഷികസംസ്‌കാരത്തിന്റെ പ്രത്യക്ഷ പ്രതീകമാണ്.
ഓര്‍മയില്‍ മഞ്ഞക്കിങ്ങിണിചാര്‍ത്തിയ ഒരു കണിക്കൊന്നയും വിഷുഗീതം പാടുന്ന ഒരു മഞ്ഞപൈങ്കിളിയും ഒരിക്കല്‍ കൂടി കൈനീട്ടവുമായെത്തുന്നു. നിര്‍മ്മലമായ മനസോടെ സമൃദ്ധിയുടെ പ്രതീകമായ വിഷുവിനെ നിറഞ്ഞ ഭക്തിയോടെയും തികഞ്ഞ മാനവികതയോടെയും നമുക്ക് വരവേല്‍ക്കാം…
















