തീക്കടല്‍കടഞ്ഞമീനം
കടന്നു വിഷുവെത്തുന്നു-
വെന്നാരോ പറഞ്ഞു,
നീയെടുത്തണിഞ്ഞല്ലോ
പൊന്‍കസവ്, പൂണാരങ്ങള്‍!
കര്‍ണ്ണികാരമേ, കണ്ണന്‍
ഈറക്കുഴലൂതുന്നുണ്ടോ?
മലര്‍ക്കൊമ്പിലിളകുന്നു
പുളകത്തിന്‍ ചിറ്റോളങ്ങള്‍
ഇത്രനാള്‍ വിധുരയായ്
നിറംപോയ ചേലയു-
മുടുത്തു നീയിപ്പാതവക്കില്‍
നിന്നിരുന്നെന്നോ!
ഒരു കുമ്പിള്‍ കൊന്നപ്പൂക്കള്‍
സ്മരണയില്‍ വിരിയുകില്‍
എത്ര മുള്‍വഴി താണ്ടി
കണ്ണെത്താത്തീരത്തു നാം
എത്തിയെന്നാലുമൊരു
വിഷുപ്പക്ഷിയാകും മനം
നീളും മരുപഥങ്ങളില്‍
കഴല്‍പൊള്ളി കുഴഞ്ഞാലും
ഒരു മലര്‍ക്കാവിന്‍ മണം
കടുന്തുടികൊട്ടുമുള്ളില്‍
പൂവും തേന്‍കനിയുമായ്
ജീവന്റെ നിത്യനൃത്തം
ഊഴിയാമോട്ടുരുളിയില്‍
കണിയൊരുക്കും നേരം
നമ്മിലുയിര്‍ക്കുമല്ലോ
ജീവിതവാഞ്ഛകള്‍
തീവെയിലിലും മലര്‍ചൂടും
പൊന്‍കര്‍ണ്ണികാരംപോലെ.
















