മലപ്പുറം:ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി 12 വര്‍ഷത്തിനു ശേഷം പിടിയില്‍. മലപ്പുറം അരീക്കോട് സ്വദേശി വാവൂര്‍ കൂടാംതൊടി മുഹമ്മദ് ഷെരീഫിനെ ബംഗളൂരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
ഭാര്യയേയും മക്കളേയും വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടര്‍ തള്ളിയിട്ടു കൊന്നുവെന്ന കേസില്‍ ഏഴ് മാസം ജയിലില്‍ കിടന്ന പ്രതി ജാമ്യം കിട്ടി പുറത്തിറങ്ങിയിരുന്നു. പിന്നാലെ മുങ്ങി.
2012 ജൂലായ് 21നു വെളുപ്പിന് രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഭാര്യ ഒളവട്ടൂര്‍ മായങ്കരതടത്തില്‍ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (2) എന്നിവരെ വെള്ളക്കെട്ടില്‍ തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. പെരുന്നാളിനു വസ്ത്രങ്ങളെടുത്ത ശേഷം കുടുംബവുമായി വീട്ടിലേക്ക് മടങ്ങവെ ടയര്‍ പഞ്ചറായി അപകടമുണ്ടായെന്നാണ് ഷെരീഫ് പറഞ്ഞത്. മരിച്ച രണ്ട് വയസുകാരി ഹൈഫയുടെ മൃതദേഹവുമായി സമീപത്തെ വീട്ടിലെത്തി ഇയാള്‍ തന്നെയാണ് സംഭവം പുറത്തറിയിച്ചത്.
എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. ഭാര്യയുടെ പേരിലെടുത്ത 10 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് തുക സ്വന്തമാക്കി പുതിയ വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
















