കരുനാഗപ്പള്ളി: ബിജെപിയുടെ യുവനേതാവും കരുനാഗപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിയുമായ വി.എസ്. ജിതിന്‍ദേവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ ആവേശമായി എസ്എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്റെ സാന്നിധ്യം. കരുനാഗപ്പള്ളി മാത്രമല്ല, കേരളത്തിലുടനീളം ആരെയും അത്ഭുതപ്പെടുത്തുന്ന വിജയമായിരിക്കും എന്‍ഡിഎ നേടുന്നതെന്ന് കരുനാഗപ്പള്ളിയില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച മഹിളാ സംഗമം ഉദ്ഘാടനം ചെയ്ത് പ്രീതി നടേശന്‍ പറഞ്ഞു.
ഇച്ഛാശക്തി ഉള്ള പ്രധാനമന്ത്രിയാണ് നമ്മള്‍ക്കുള്ളത്. കേരളം കൂടി മോദിക്കൊപ്പം നില്‍ക്കണം. അമ്മമാരുടെ പ്രാര്‍ത്ഥന എപ്പോഴും മോദിക്ക് ഒപ്പമുണ്ടാകുമെന്ന് പ്രീതി നടേശന്‍ പറഞ്ഞു. മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ പേരു മാറ്റി മേനി നടിക്കുകയാണിവിടെ ചെയ്യുന്നത്. 70 വയസ് കഴിഞ്ഞവര്‍ക്ക് അഞ്ച് ലക്ഷം രൂപ ചികിത്സാ ധനസഹായം ലഭിക്കുന്ന പദ്ധതി മറ്റ് സംസ്ഥാനങ്ങള്‍ നടപ്പാക്കിയിട്ടും കേരളം നടപ്പാക്കിയില്ല. ഇതുമൂലം ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ക്കാണ് ആ സഹായം ലഭിക്കാതെ പോകുന്നത്.
കുട്ടികളുടെ നല്ല ഭാവിക്കായി വിഭാവനം ചെയ്ത പിഎം ശ്രീ പദ്ധതിക്കെതിരെ നടന്ന പ്രചാരണവും സമാനമാണ്. മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി ലക്ഷക്കണക്കിന് യുവാക്കള്‍ക്കാണ് അവര്‍ ജനിച്ച നാട്ടില്‍ത്തന്നെ ജോലി ലഭിച്ചത്. മോദി സര്‍ക്കാരിന്റെ ഓരോ പദ്ധതികളും ഭാരതത്തിന്റെ ഉയര്‍ച്ച മാത്രമാണ് ലക്ഷ്യം വയ്‌ക്കുന്നത്. മോദി വന്നതിനുശേഷമാണ് ഭാരതത്തിന്റെ സ്വരൂപം ലോകത്തിന് മനസിലാക്കാന്‍ കഴിഞ്ഞത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഓരോ വോട്ടും മോദിക്കുള്ളതാണ്. കേരളത്തില്‍ ഭരണത്തിലെത്താനുള്ള സീറ്റ് എന്‍ഡിഎ പക്ഷം നേടും. കരുനാഗപ്പള്ളിയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പ്രീതി നടേശന്‍ പറഞ്ഞു.

ഭാരതം ധര്‍മ്മത്തിലധിഷ്ഠിതമായി നിര്‍മിക്കപ്പെട്ട രാഷ്‌ട്രമാണ്. ഇവിടെ വസിക്കുന്നവരെല്ലാം ഹിന്ദുക്കള്‍ എന്നാണറിയപ്പെടുന്നത്. അതേസമയം ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ കഴിയും. തനിമ മനസിലാക്കി ജാതി വ്യത്യാസമില്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയണമെന്ന് പ്രീതി നടേശന്‍ കൂട്ടിച്ചേര്‍ത്തു.
മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ധന്യ അനിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്ഥാനാര്‍ത്ഥി വി.എസ്. ജിതിന്‍ ദേവ്, തൊടിയൂര്‍ രാമചന്ദ്രന്‍, മഹിളാമോര്‍ച്ച നേതാക്കളായ ബിനിജ രാജന്‍, ഇന്ദിര രാമചന്ദ്രന്‍, ശ്രീജ അശോകന്‍, ശാലിനി രാജീവ്, അഡ്വ. ജയലക്ഷ്മി, ലത മോഹന്‍, സജിമോള്‍, സജിത, തൊടിയൂര്‍ വസന്തകുമാരി എന്നിവര്‍ സംസാരിച്ചു.
















