തൃശ്ശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നെല്ലറയുടെയും പൂരങ്ങളുടെയും നാട്ടിലെത്തുന്നു.
ഇന്നുച്ചയ്‌ക്ക് 1.30ന് പാലക്കാട് കോട്ട മൈതാനത്തെ പൊതുസമ്മേളനത്തില്‍ അദ്ദേഹം കാല്‍ലക്ഷത്തിലധികം പേരെ അഭിസംബോധന ചെയ്യും. സുരക്ഷാ പരിശോധനയ്‌ക്ക് ശേഷം 12 മുതല്‍ പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും സമ്മേളന വേദിയിലേക്ക് കടത്തി വിടും. 12 മണ്ഡലങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളും എന്‍ഡിഎ ദേശീയ-സംസ്ഥാന നേതാക്കളും അദ്ദേഹത്തോടൊപ്പം വേദി പങ്കിടും.
രണ്ട് മണിയോടെ പാലക്കാട് മേഴ്സി കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം സമ്മേളന നഗരിയിലെത്തും. പൊതുസമ്മേളന ശേഷം അദ്ദേഹം ഹെലികോപ്റ്ററില്‍ തൃശൂരിലെ റോഡ്ഷോയില്‍ പങ്കെടുക്കാന്‍ മടങ്ങും. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും കാല്‍ ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നും ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, ജനറല്‍ സെക്രട്ടറിയും നഗരസഭാ ചെയര്‍മാനുമായ പി. സ്മിതേഷ് എന്നിവര്‍ അറിയിച്ചു. അടുത്ത ദിവസങ്ങളിലായി കേന്ദ്ര മന്ത്രി നിര്‍മല സീതരാമന്‍, ഡോ. എസ്. ജയശങ്കര്‍ എന്നിവരും പാലക്കാട്ടെത്തിയേക്കും.
തൃശൂര്‍ കാത്തിരിക്കുകയാണ്. രാഷ്‌ട്ര നായകന്‍ മോദി നയിക്കുന്ന തെരഞ്ഞെടുപ്പു പ്രചാരണ പൂരം കാണാന്‍. വൈകിട്ട് നാലരയോടെയാണ് മോദി വടക്കുംനാഥന്റെ മണ്ണിലെത്തുക. കുട്ടനെല്ലൂരില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന മോദി റോഡ് മാര്‍ഗം സ്വരാജ് റൗണ്ടിലെത്തും. ജനറല്‍ ആശുപത്രി പരിസരത്തു നിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ പതിനായിരങ്ങള്‍ അണിനിരക്കും. മഹാപ്രദക്ഷിണ വഴി ചുറ്റി വടക്കേനടയില്‍ സമാപിക്കും. ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍, നേതാക്കള്‍ തുടങ്ങിയവര്‍ മോദിയെ അനുഗമിക്കും.
റോഡ് ഷോ മാത്രമാണ് തൃശൂരിലെ പരിപാടി. തുടര്‍ന്ന് കുട്ടനെല്ലൂരിലെത്തി ഹെലികോപ്റ്റര്‍ മാര്‍ഗം കൊച്ചിയിലെത്തി മടങ്ങും. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.
















