തിരുവനന്തപുരം: നേമം നിയോജകമണ്ഡലത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ജി.എസ്. രാജീവ് കുമാര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിക്കെതിരെ മത്സരിക്കുന്നു. ആറന്നൂര്‍ എ ബ്രാഞ്ച് സെക്രട്ടറിയാണ്. വാട്ടര്‍ടാങ്ക് ചിഹനത്തിലാണ് മത്സരിക്കുന്നത്. ആറന്നൂര്‍ വാര്‍ഡിലെ സജീവ സിപിഎം പ്രവര്‍ത്തകനാണ് രാജീവ് കുമാര്‍.
സിപിഎമ്മിലെ ഗ്രൂപ്പ് പോരിനെത്തുടര്‍ന്നാണ് ബ്രാഞ്ച് സെക്രട്ടറി ശിവന്‍കുട്ടിക്കെതിരെ മത്സരരംഗത്തിറങ്ങിയത്. കുറച്ച് നാള്‍ മുമ്പ് കമ്പ്യൂട്ടര്‍ അസംബ്ലിങ്, സെയില്‍സ്, സര്‍വീസ് തുടങ്ങിയവ ചെയ്യുന്ന സ്ഥാപനം കരമനയില്‍ നടത്തിയിരുന്നു. അത് അടച്ചുപൂട്ടിയ ശേഷം കോര്‍പറേഷന്‍ സ്ഥാപിക്കുന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ കോണ്‍ട്രാക്ട് എടുത്ത് മറിച്ച് കൊടുക്കുന്ന പരിപാടിയായിരുന്നു. ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള യാതൊരു ഉപകരണങ്ങളും ഇല്ലാത്ത രാജീവ് കുമാറിന് ഉന്നത സിപിഎം നേതാക്കളുമായുള്ള സ്വാധീനം മൂലമാണ് കരാര്‍ ലഭിക്കുന്നത്.
ആറന്നൂര്‍ മുന്‍ കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്റെ സന്തത സഹചാരിയായാണ് ഇയാള്‍ പാര്‍ട്ടി വൃത്തങ്ങളില്‍ അറിയപ്പെടുന്നത്. ശിവന്‍കുട്ടിയുടെ എതിര്‍ ഗ്രൂപ്പുകാരനാണ് ഉണ്ണികൃഷ്ണന്‍. മുമ്പ് ശിവന്‍കുട്ടിയുടെ അനുയായിയായിരുന്ന ഉണ്ണികൃഷ്ണന്‍ ആറന്നൂരിലെ നിലം നികത്തലുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ശിവന്‍കുട്ടിയുടെ ശത്രുവായത്.
തന്നെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമിക്കുന്നുവെന്ന പരാതി ശിവന്‍കുട്ടി പാര്‍ട്ടി മേല്‍ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. തന്നെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ചിലര്‍ ശ്രമിക്കുന്നെന്ന ശിവന്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റിനെ ചുമതലയില്‍ നിന്ന് മാറ്റിയ സംഭവം കഴിഞ്ഞ തവണ ഉണ്ടായിട്ടുണ്ട്.
















