തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഞായറാഴ്ച വൈകിട്ടത്തെ വാര്‍ത്താസമ്മേളനത്തില്‍ കേരളമടക്കം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍. ഞായറാഴ്ച തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടും. കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തിങ്കളാഴ്ച പുറത്തിറക്കും. ബിജെപിയും ഉടന്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തും.ഇതോടെ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അങ്കം കുറിക്കപ്പെടും.
എല്‍ഡിഎഫില്‍ മുഴുവന്‍ സീറ്റിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും അന്തിമ തീരുമാനമായെന്നാണറിയുന്നത്.സിപിഎമ്മിനൊപ്പം ഘടകക്ഷികളും സ്ഥാനാര്‍ഥികളെ ഞായറാഴ്ച പ്രഖ്യാപിക്കും. സിപിഐയും സ്ഥാനാര്‍ത്ഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം കഴിഞ്ഞാല്‍ ഉടന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാര്‍ത്താസമ്മേളനം നടത്തും.
കോണ്‍ഗ്രസില്‍ എം പി മാര്‍ മത്സരിക്കണമോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. എം പിമാര്‍ മത്സരിക്കേണ്ട എന്നാണ് പാര്‍ട്ടി തീരുമാനമെങ്കിലും കെ സുധാകരന്‍ മെരുങ്ങാത്തത് പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
കേരളത്തില്‍ മാറ്റം വേണമെന്ന മൂദ്രാവാക്യവുമായാണ് എന്‍ ഡി എ അങ്കത്തിനിറങ്ങുന്നത്.
















