Samskriti

ഒരുവേരന്‍ ഒരു സിദ്ധൗഷധം

Published by
സജികുമാര്‍ കുഴിമറ്റം

കേരളത്തിലെ പറമ്പുകളിലും വഴിയോരങ്ങളിലും ധാരാളമായി കാണുന്ന കുറ്റിച്ചെടിയാണ് പെരിങ്ങലം. അപൂര്‍വ്വമായെങ്കിലും ചിലപ്പോള്‍ ഇത് അഞ്ചു മീറ്റര്‍ വരെ ഉയരം വെക്കുന്ന ചെറുമരമായും വളര്‍ന്നു കാണാറുണ്ട്. പെരിങ്ങലം, പെരുങ്ങലം, പെരുവലം, പെരുക്കില്‍ച്ചെടി, വട്ടപ്പെരുക് എന്നിങ്ങനെ പ്രാദേശികമായി ഈ ഔഷധസസ്യം പലപേരുകളിലും അറിയപ്പെടുന്നുണ്ട്. ഇതിന് ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന ഒറ്റ വേരാണ് ഉണ്ടാവുക. അതിനാല്‍ ഈ ചെടി ഒരു വേരന്‍ എന്ന പേരിലാണ് നാട്ടുവൈദ്യത്തില്‍ കൂടുതലായും അറിയപ്പെടുന്നത്. ഏറെ ഔഷധഗുണമുള്ള ഈ സസ്യം തിക്ത രസവും സ്‌നിഗ്ധ ഗുണമുള്ളതും ഉഷ്ണവീര്യത്തോടു കൂടിയതും കടു വിപാകവുമാണ്.

നല്ല പച്ചനിറത്തിലുളളതാണ് ഇലകള്‍. ഇതിന് അല്‍പം രൂക്ഷഗന്ധമുണ്ട്. ഈ രൂക്ഷഗന്ധം മൂലം ഇലകള്‍ ആടുകള്‍ തിന്നില്ല. അതിനാല്‍ ഇതിന് ആടുതീണ്ടാപ്പാല എന്നൊരു പേരുകൂടിയുണ്ട്. ഇതിന്റെ വേരിലെ തൊലിയും തളിരിലകളും നാട്ടുവൈദ്യന്മാര്‍ പലരോഗ ചികിത്സകളിലും ഒറ്റമൂലി ആയി ഉപയോഗിച്ചിരുന്നു. സെര്‍വിക്കല്‍ ക്യാന്‍സര്‍, മൂലക്കുരു എന്ന പൈല്‍സ്, വയറിളക്കം, വയറുകടി, മാസമുറയെത്തുടര്‍ന്നുള്ള വേദന, വിവിധതരം വൈറല്‍ പനികള്‍ എന്നിവയ്‌ക്കെക്കെ പെരിങ്ങലം പ്രതിവിധിയാണ്. ഹീമോഗ്ലോബിന്‍, പ്ലേറ്റ്‌ലെറ്റ്‌സ് എന്നിവ വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ളതിനാല്‍ ഇതിന് സിദ്ധവൈദ്യന്മാര്‍ കാന്‍സര്‍ ചികിത്സയില്‍ ഏറെ പ്രാധാന്യം കല്‍പ്പിച്ചിരുന്നു. വെള്ളപ്പൂക്കളായതിനാല്‍ ഇതിലേക്ക് ശലഭങ്ങള്‍ ധാരാളമായി ആകര്‍ഷിക്കപ്പെടുന്നു. ഓഗസ്റ്റ്-ഡിസംബര്‍ കാലയളവിലാണ് പെരിങ്ങലം കൂടുതലായും പൂക്കുക.

ജനസംഖ്യ കൂടിയതോടെ നമ്മുടെ പറമ്പുകളിലും വഴിയോരങ്ങളിലും നിന്ന് പല ഔഷധസസ്യങ്ങളും വേരോടെ പിഴുതെറിയപ്പെട്ടു കഴിഞ്ഞു. അങ്ങനെ അപ്രത്യക്ഷമാകുന്നവയില്‍ ഒന്നാണ് ഒരുവേരന്‍. ഈ ചെടിയുടെ അത്ഭുത ഗുണങ്ങള്‍ ഒന്നു നോക്കാം.

ഇതിന്റെ തളിര്‍ ഇലകള്‍ നിശ്ശബ്ദമായി പറിച്ചെടുത്തു വെള്ളം തൊടാതെ കൈവെള്ളയിലിട്ടു ഞെക്കിപ്പിഴിഞ്ഞ് നീരെടുത്ത് കാലിലെ പെരുവിരല്‍ നഖത്തില്‍ നിര്‍ത്തിയാല്‍ കൊടിഞ്ഞി എന്ന് അറിയപ്പെടുന്ന മൈേ്രഗന്‍ മാറും.

വലതു ചെന്നിക്കാണ് വേദനയെങ്കില്‍ ഇടത്തേക്കാലിന്റെ പെരുവിരലിലും, ഇടതുവശത്താണ് വേദനയെങ്കില്‍ വലത്തേ പെരുവിരലിലും ആണ് നീര്‍ നിര്‍ത്തേണ്ടത്. തളിരില ചതച്ച് നഖത്തില്‍ വെച്ചുകെട്ടിയാലും മതി. ഇതു മുടങ്ങാതെ കുറച്ചുനാള്‍ തുടര്‍ന്നാല്‍ മൈേ്രഗന്‍ പൂര്‍ണ്ണമായി മാറും. പകല്‍ ഉണ്ടാകുന്ന കൊടിഞ്ഞിക്ക് ഉദയത്തിലും രാത്രി ഉണ്ടാകുന്ന കൊടിഞ്ഞിക്ക് അസ്തമനത്തിലുമാണ് ഇങ്ങനെ ചെയ്യേണ്ടത്.

പാമ്പിന്‍ വിഷത്തിനും ഒരുവേരന്‍ ഔഷധമായി ഉപയോഗിച്ചിരുന്നു. മൂര്‍ഖന്റെ വിഷത്തിനാണ് ഒരുവേരന്‍ ഏറ്റവും ഫലപ്രദം. കടിയേറ്റാല്‍ ഉടനെ പെരിങ്ങലത്തിന്റെ തളിരില പശുവിന്‍ പാലില്‍ അരച്ച് നെല്ലിക്കാവലുപ്പത്തില്‍ ഉരുട്ടി ഉള്ളില്‍ കഴിച്ചാല്‍ വിഷബാധ നീങ്ങുമെന്നാണ് വിഷഹാരികള്‍ സാക്ഷ്യപ്പെടുത്തുന്നത്. മൂര്‍ഖന്‍ വിഷത്തില്‍ ഇതു പൂര്‍ണഫലപ്രദം ആണെങ്കിലും മറ്റു പാമ്പുകളുടെ വിഷത്തിനു പൂര്‍ണശമനം കിട്ടില്ല, എങ്കിലും വിഷവ്യാപ്തിയുടെ തീവ്രത കുറഞ്ഞുകിട്ടുമെന്ന് വിഷഹാരികള്‍ പറയുന്നു. (മികച്ച വിഷഹാരികളുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഇങ്ങനെയുള്ള ചികിത്സകള്‍ ഫലപ്രദമാവൂ. അതിനാല്‍ ആരും സ്വയം പരീക്ഷണത്തിനു തുനിയരുത്. കടിയേറ്റയാളെ എത്രയുംവേഗം ആന്റിവെനം ലഭ്യമായ ആശുപത്രിയില്‍ എത്തിക്കണം).

ഒരുവേരന്റെ ഒരു വിരല്‍ വണ്ണമുള്ള വേര് ഒരു വിരല്‍ നീളത്തില്‍ ഇരുമ്പു തൊടാതെ പറിച്ചെടുത്ത് തൊലി മാത്രം അടര്‍ത്തിയെടുത്ത് കുതിര്‍ത്ത അരിയോടൊപ്പം അരച്ച് അപ്പം ഉണ്ടാക്കി കഴിക്കുന്നത് ഗര്‍ഭാശയ മുഴകള്‍ മാറുന്നതിനും സെര്‍വിക്കല്‍ കാന്‍സറിനും ഉത്തമമാണ്.. ഏതെങ്കിലും സ്ത്രീയ്‌ക്ക് സെര്‍വിക്‌സില്‍ കാന്‍സര്‍ കണ്ടാല്‍ ഇതിന്റെ വേര് 11 ദിവസം അട ഉണ്ടാക്കികൊടുത്താല്‍ പൂര്‍ണമായി മാറുമെന്നാണ്. കൗമാരത്തിലേക്കു കടന്നവര്‍ക്കു മുതല്‍ എത്ര പ്രായമുള്ള സ്ത്രീകള്‍ക്കും ഇതു കഴിക്കാം.

ആര്‍ത്തവ വേദന പല സ്ത്രീകളെ സംബന്ധിച്ചും ഇന്നും ഒരു പേടിസ്വപ്‌നമാണ്.

സ്പാസ്‌മോഡിക് പെയിന്‍കില്ലറുകളാണ് ഇതിന് ഇന്നുള്ള താല്‍ക്കാലിക പരിഹാരം. എന്നാല്‍ പെരിങ്ങലത്തിന്റെ തളിരിലയും തുമ്പക്കുടവും ഒരു കല്ലുപ്പും ചേര്‍ത്ത് ചതച്ചു പിഴിഞ്ഞ് നീരെടുത്ത് ആര്‍ത്തവാരംഭത്തിനു മുമ്പും പിമ്പുമുള്ള മൂന്നു ദിവസങ്ങളില്‍ കഴിച്ചാല്‍ വേദന പിന്നീടൊരിക്കലും ആവര്‍ത്തിക്കില്ലത്രേ.

കുട്ടികളിലെ മൂലക്കുരുവിന് പെരിങ്ങലത്തിന്റെ തളിരില മൂലത്തില്‍ കെട്ടിവെക്കുന്നത് ഉത്തമൗഷധമായി കണക്കാക്കുന്നു.

പ്രസവശേഷം സ്ത്രീയ്‌ക്ക് ഒരുവേരന്റെ വേര് ഒരംഗുലം നീളത്തില്‍ മുറിച്ചെടുത്ത് അരി ചേര്‍ത്ത് അരച്ച് അപ്പം ചുട്ടു കൊടുത്താല്‍ ഗര്‍ഭാശയം ചുരുങ്ങി പഴയപടിയാകും. പണ്ട് ഇത് ഒരു പാരമ്പര്യരീതിയായി ചെയ്തു വന്നിരുന്നു. അതിനാലാകാം അന്നത്തെ സ്ത്രീകളില്‍ സെര്‍വിക്കല്‍ കാന്‍സര്‍ അത്യപൂര്‍വ്വവുമായിരുന്നു. കേരളം കണ്ട മികച്ച അര്‍ബ്ബുദ ചികിത്സകരില്‍ പ്രധാനിയായിരുന്ന സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് പെരിങ്ങലത്തിന്റെ അര്‍ബുദാന്തക ഔഷധ ഗുണങ്ങളെക്കുറിച്ച് ആധുനിക രീതിയില്‍ വിശദ പഠനം നടത്തുക മാത്രമല്ല തന്റെ രോഗികളില്‍ ഈ ഔഷധ സസ്യത്തെ ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഒരുവേരന്‍ അരച്ച് നെല്ലിക്കാ വലുപ്പത്തില്‍ ഉരുട്ടി പാലില്‍ ചേര്‍ത്തു കഴിക്കുന്നത് ഒ1ച1 പനി മാറാന്‍ നല്ലതാണ്. ഇല മാത്രമോ സമൂലമോ ഉപയോഗിക്കാം. കഷായം വെച്ചു കഴിച്ചാലും പനി മാറും. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ വൈറല്‍ പനികളിലും ഇതേ മരുന്നു സേവിക്കാം.

ധനുമാസ തിരുവാതിരയില്‍ ഒരുവേരന്റെ വേര് കുതിര്‍ത്ത അരി ചേര്‍ത്ത് അരച്ച് അട പുഴുങ്ങി സ്ത്രീകള്‍ കഴിക്കുന്ന ആചാരം കേരളത്തിലെ ചില പ്രദേശങ്ങളില്‍ ഉണ്ടായിരുന്നു. കേരളീയ സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തില്‍ ഇതു ചെലുത്തിയ ഗുണപരമായ പങ്ക് ഇന്ന് അധികമാര്‍ക്കും അറിയില്ലെന്നതാണ് വസ്തുത. പെരിങ്ങലത്തിന്റെ തളിരില കാട്ടുജീരകം ചേര്‍ത്ത് അരച്ച് നിത്യവും കഴിച്ചാല്‍ പ്രമേഹവും ശമിക്കുമെന്നാണ്.

(കഠിനമായ പ്രമേഹമുള്ളവര്‍ ഈ ലേഖനം വായിച്ച് സ്വയംപരീക്ഷണങ്ങള്‍ക്കു മുതിരാതെ മികച്ച പാരമ്പര്യ വൈദ്യന്റെയോ ആയുര്‍വേദ വിദഗ്ധന്റെ മേല്‍നോട്ടത്തിലോ മാത്രം ഇത്തരം ഒറ്റമൂലികള്‍ സേവിക്കാവൂ).

Recent Posts