മുംബൈ: ഭാരത നാവികസേനയുടെ പായ്‌ക്കപ്പലായ ഐഎന്‍എസ്‌വി കൗണ്ടിന്യ വിദേശപര്യടനം വിജയകരമായി പൂര്‍ത്തിയാക്കി മുംബൈയില്‍ തിരിച്ചെത്തി. മസ്‌കറ്റിലേക്കുള്ള യാത്രകഴിഞ്ഞ് മുംബൈ തുറമുഖത്തെത്തിയ കപ്പലിനെ പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഔദ്യോഗികമായി ഫ്ളാഗ്-ഇന്‍ ചെയ്ത് സ്വീകരിച്ചു.
2025 ഡിസംബര്‍ 29ന് ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്നാണ് കൗണ്ടിന്യ യാത്ര ആരംഭിച്ചത്. 2026 ജനുവരി 14ന് മസ്‌കറ്റിലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് കപ്പല്‍ എത്തി. ഭാരതവും ഒമാനും തമ്മിലുള്ള പുരാതന വ്യാപാരബന്ധങ്ങളെയും സാംസ്‌കാരിക വിനിമയങ്ങളെയും അനുസ്മരിച്ചായിരുന്നു ഈ യാത്ര. അറബിക്കടലിലൂടെയുള്ള പുരാതന സുഗന്ധവ്യഞ്ജന വ്യാപാര പാതകളെ പുനരാവിഷ്‌കരിക്കുക എന്നതായിരുന്നു പര്യടനത്തിന്റെ പ്രധാന ലക്ഷ്യം.
നാവികസേനയുടെ മേല്‍നോട്ടത്തില്‍ പരമ്പരാഗത കപ്പല്‍ നിര്‍മാണ രീതിയിലാണ് (സ്റ്റിച്ചഡ് ഷിപ്പ്) ഈ കപ്പല്‍ നിര്‍മിച്ചത്. കൗണ്ടിന്യയുടെ ദൗത്യം ഇവിടംകൊണ്ട് അവസാനിക്കുന്നില്ലെന്നും ഉടന്‍ തന്നെ അടുത്ത വിദേശ പര്യടനം ആരംഭിക്കുമെന്നും വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്‍ അറിയിച്ചു. ഒഡീഷയിലെ പുരിയില്‍ നിന്ന് ഇന്തോനേഷ്യയിലെ ബാലിയിലേക്കായിരിക്കും അടുത്ത യാത്ര. ഭാരതത്തിന്റെ സമുദ്ര പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം സാംസ്‌കാരിക നയതന്ത്രം ശക്തമാക്കാനും ഇത്തരം യാത്രകള്‍ ഉപകരിക്കുമെന്ന് നാവികസേന വക്താക്കള്‍ അറിയിച്ചു. മുംബൈ നേവല്‍ ഡോക്ക്‌യാര്‍ഡില്‍ നടന്ന ചടങ്ങില്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫ് വൈസ് അഡ്മിറല്‍ കെ. സ്വാമിനാഥന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.
















