ഇസ്ലാമബാദ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തെത്തുടര്‍ന്ന് പാകിസ്ഥാനില്‍ പ്രതിഷേധം ശക്തമാക്കി ഷിയാ വിഭാഗം.
കറാച്ചി മുതല്‍ ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍ വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഷിയാ വിഭാഗക്കാര്‍ നടത്തുന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് പാക് ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തി.
ഷിയാ വിഭാഗക്കാര്‍ യുഎസ് കേന്ദ്രങ്ങള്‍ക്കെതിരായാണ് ആക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. ഇത് ആഭ്യന്തര കലാപത്തിലേക്ക് വഴിവെക്കുമോയെന്നാണ് ഭരണകൂടം ഭയക്കുന്നത്.
കറാച്ചിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന പോലീസ് നടപടിയില്‍ ഇതുവരെ 22 പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ ഇറാനുമായുള്ള 909 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത വര്‍ദ്ധിച്ചു. ഷിയാ പ്രതിഷേധങ്ങള്‍ക്ക് പുറമെ തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍, ബലൂച് വിമത ഗ്രൂപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും രാജ്യത്തിന് ഭീഷണിയാണ്. അതേസമയം മേഖലയിലെ അപ്രതീക്ഷിത സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും തങ്ങളുടെ നിശ്ചയിച്ചിരുന്ന റഷ്യന്‍ സന്ദര്‍ശനം റദ്ദാക്കി. മാര്‍ച്ച് രണ്ട് മുതല്‍ അഞ്ച് വരെയായിരുന്നു ഇരുവരും റഷ്യ സന്ദര്‍ശിക്കേണ്ടിയിരുന്നത്.
















