ന്യൂദല്‍ഹി: ഭാരതത്തിലുടനീളമുള്ള വനിതാ ചിന്തകരുടെ ദേശീയ സമ്മേളനം, ഭാരതി- നാരിയില്‍ നിന്ന് നാരായണിയിലേക്ക് മാര്‍ച്ച് ഏഴ്, എട്ട് തീയതികളില്‍ വിജ്ഞാന്‍ ഭവനില്‍ നടക്കും. രാഷ്‌ട്രസേവികാസമിതി, ശരണ്യ, ഭാരതീയ വിദ്വത് പരിഷത്ത് എന്നിവര്‍ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഏഴിന് രാവിലെ 10ന് വിജ്ഞാന്‍ ഭവനില്‍ ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. എട്ടിന് വൈകിട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനം രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ സാധ്വി ഋതംഭര, രാഷ്‌ട്രസേവിക സമിതി പ്രമുഖ് സഞ്ചാലിക ശാന്തകുമാരി, കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിങ്, ധര്‍മ്മേന്ദ്ര പ്രധാന്‍, അന്നപൂര്‍ണ്ണ ദേവി, ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ വിജയ രഹത്കര്‍ തുടങ്ങിയവരും പങ്കെടുക്കും. വനിതാ വിസിമാര്‍, എംപിമാര്‍, ആത്മീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രത്യേക സെഷനുകളും നടക്കും.
സ്ത്രീകളുടെ പോസിറ്റീവ് ചിന്തകളെയും ശക്തിയെയും ഒന്നിപ്പിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ് സമ്മേളനമെന്ന് രാഷ്‌ട്രസേവിക സമിതി പ്രമുഖ് കാര്യവാഹിക സീതാ ഗായത്രി പറഞ്ഞു. 1936ല്‍ സ്ഥാപിതമായ രാഷ്‌ട്രസേവിക സമിതി 90 വര്‍ഷം പൂര്‍ത്തിയാക്കി. നിലവില്‍ രാജ്യത്തുടനീളം 4500 ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. 65 അനുബന്ധ സംഘടനകള്‍ വിദ്യാഭ്യാസം, ആരോഗ്യം, സ്വാശ്രയത്വം എന്നീ മേഖലകളില്‍ ഏകദേശം 2,000 സേവന പദ്ധതികള്‍ നടത്തുന്നുണ്ടെന്നും അവര്‍ അറിയിച്ചു. ഭാരതീയ വിദ്വത് പരിഷത്ത് സെക്രട്ടറി ഡോ. വി. ശിവാനി, ശരണ്യ പ്രസിഡന്റ് അഞ്ജു അഹൂജ, രാഷ്‌ട്രസേവിക സമിതി ദല്‍ഹി പ്രാന്ത പ്രചാര്‍ പ്രമുഖ് ഡോ. രചന ബാജ്പേയ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















