യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമകൾ നിർമ്മിച്ചതിലൂടെയാണ് വിവേക് അഗ്നിഹോത്രി പ്രശസ്തനായത് . ‘ദി കശ്മീർ ഫയൽസ്’, ‘ദി വാക്സിൻ വാർ’, ‘ ദി ബംഗാൾ ഫയൽസ്’ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ഇപ്പോൾ ‘ഓപ്പറേഷൻ സിന്ദൂറിനെ’ ആസ്പദമാക്കി സിനിമ നിർമ്മിക്കാൻ ഒരുങ്ങുകയാണ് വിവേക് അഗ്നിഹോത്രി എന്നാണ് റിപ്പോർട്ടുകൾ.
2025 ലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ സൈനിക ആക്രമണമാണ് ഓപ്പറേഷൻ സിന്ദൂർ. ഇന്ത്യയുടെ തിരിച്ചടിയെ കുറിച്ച് സിനിമ നിർമ്മിക്കുമെന്ന അഭ്യൂഹത്തോട് ചലച്ചിത്ര നിർമ്മാതാവ് വിവേക് അഗ്നിഹോത്രി പ്രതികരിച്ചത് ഇങ്ങനെയാണ്. ‘ ഞാൻ ഒരു പേരും വെളിപ്പെടുത്തുന്നില്ല. ഞാൻ ഒരു വലിയ ദേശീയ പ്രോജക്റ്റിലാണ് പ്രവർത്തിക്കുന്നത്, എന്റെ സമയത്ത് ഞാൻ അത് പ്രഖ്യാപിക്കും. ഇത് വളരെ വലുതാണ്, വളരെ രസകരമാണ്“ എന്നായിരുന്നു.
വിവേക് അഗ്നിഹോത്രിയും ടി-സീരീസും ഒരു പ്രോജക്റ്റിൽ സഹകരിക്കുന്നു എന്ന റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് അത് ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള സിനിമയാകാമെന്ന് ഊഹാപോഹങ്ങൾ ആരംഭിച്ചത് . ഐ ആം ബുദ്ധ പ്രൊഡക്ഷൻസുമായി സഹകരിച്ച് ടി-സീരീസ് ബാനറിൽ ഭൂഷൺ കുമാർ ഈ ചിത്രം നിർമ്മിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
യാഥാർത്ഥ്യമായാൽ, ഉറി: ദി സർജിക്കൽ സ്ട്രൈക്ക്, ഷെർഷാ, റാസി, ഇക്കിസ്, 120 ബഹുദൂർ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ബോളിവുഡിൽ മറ്റൊരു സൈനിക, യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സിനിമയായി ഈ പദ്ധതി മാറും. നിലവിൽ, ടി-സീരീസ് 2026 ജനുവരി 23 ന് പുറത്തിറങ്ങിയ ബോർഡർ 2 ന്റെ വിജയാഘോഷത്തിലാണ് .












