ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പുറത്ത് വന്നതിനു പിന്നാലെ പാക് അധീന കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി ഭൂപടം പുറത്തിറക്കി യുഎസ് .
ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ വിവരങ്ങൾ പുറത്ത് വന്നതിനു പിന്നാലെയാണ് അമേരിക്കയിലെ ട്രംപ് ഭരണകൂടം ഇന്ത്യയുടെ ഭൂപടം പങ്ക് വച്ചത് . വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നതിനൊപ്പം, പാക് അധീന കശ്മീർ (പിഒകെ) ഉൾപ്പെടെ ജമ്മു കശ്മീർ മുഴുവൻ ഇന്ത്യയുടെ ഭാഗമായി കാണിക്കുന്ന ഇന്ത്യയുടെ ഭൂപടം യുഎസ് വ്യാപാര പ്രതിനിധി ഓഫീസാണ് പുറത്തിറക്കിയത്. കൂടാതെ, ചൈന സ്വന്തമെന്ന് അവകാശപ്പെടുന്ന അക്സായി ചിന്നും ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ ഈ ഭൂപടം ഇതിനോടകം ചർച്ചയായി മാറുകയും സോഷ്യൽ മീഡിയയിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട് .മുമ്പ്, യുഎസോ അതിന്റെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റോ പുറത്തിറക്കിയ ഭൂപടങ്ങൾ പാകിസ്ഥാന്റെ ആശങ്കകൾ കണക്കിലെടുത്ത് കശ്മീർ മേഖലയെ (പിഒകെ) വ്യക്തമായി വേർതിരിച്ചിരിക്കുന്നതായിരുന്നു . എന്നാൽ, ട്രംപ് ഭരണകൂടം പുറത്തിറക്കിയ ഏറ്റവും പുതിയ ഭൂപടം പാകിസ്ഥാന്റെ അവകാശവാദങ്ങളെ പൂർണ്ണമായും നിരാകരിക്കുന്നതാണ്.
അമേരിക്ക പുറത്തിറക്കിയ ഇന്ത്യയുടെ ഈ ഭൂപടം പാകിസ്ഥാനെയും, ചൈനയെയും ആശങ്കയിലാക്കുമെന്ന കാര്യത്തിൽ സംശയമില്ല.
















