ബെയ്ജിംഗ് : ദലൈലാമയ്‌ക്ക് ഗ്രാമി അവാര്‍ഡ് നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ചൈന. മതത്തിന്റെ മറവില്‍ ദലൈലാമ വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ ആരോപിച്ചു. ഗ്രാമി അവാര്‍ഡ് നല്‍കുന്ന റെക്കാര്‍ഡിംഗ് അക്കാദമിയെയും ചൈന കുറ്റപ്പെടുത്തി.
‘ദലൈലാമ കേവലമൊരു മതവിശ്വാസിയല്ല, മതത്തിന്റെ മറവില്‍ ചൈനീസ് വിരുദ്ധ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിജ്ഞാബദ്ധനായ ഒരു രാഷ്‌ട്രീയ പ്രവാസിയാണ് അദ്ദേഹം,’ ലിന്‍ പറഞ്ഞു. ചൈന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ഉപകരണമായി അവാര്‍ഡ് ഉപയോഗിക്കുന്നവരെ തങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുവെന്ന് ലിന്‍ കൂട്ടിച്ചേര്‍ത്തു. ദലൈലാമയുടെ ‘സ്‌പോക്കണ്‍-വേഡ് ആല്‍ബമായ മെഡിറ്റേഷന്‍സ്: ദി റിഫ്‌ളക്ഷന്‍സ് ഓഫ് ഹിസ് ഹോളിനസ് ദി ദലൈലാമ’യ്‌ക്ക് മികച്ച ഓഡിയോ ബുക്ക്, നരേഷന്‍, സ്റ്റോറിടെല്ലിംഗ് റെക്കോര്‍ഡിംഗ് വിഭാഗത്തില്‍ ഗ്രാമി അവാര്‍ഡ് ലഭിച്ചിരുന്നു.
ചൈനീസ് ഭരണത്തിനെതിരായ പ്രക്ഷോഭം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 1959 ല്‍ ടിബറ്റില്‍ നിന്ന് പലായനം ചെയ്തതിനുശേഷം ദലൈലാമ ഇന്ത്യയിലെ ധര്‍മ്മശാലയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്.
















