മലപ്പുറം: തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയില്‍പാതയുടെ ഔദ്യോഗിക പ്രവർത്തനം ഇന്നുമുതല്‍ ആരംഭിക്കുമെന്ന് ഇ. ശ്രീധരൻ. പൊന്നാനിയില്‍ ആരംഭിച്ച ഡിഎംആർസി ഓഫീസ് ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ രാധ ശ്രീധരനാണ് പൊന്നാന്നിയിലെ ഓഫീസ് ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തില്‍ 10 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഓഫീസ് പ്രവർത്തനം തുടങ്ങുക.
അവർ എന്തുചെയ്യണം എന്നത് ഇന്ന് തന്നെ വ്യക്തമാക്കും. എന്തുചെയ്താലും നാട്ടുകാർക്ക് ഒരു ബുദ്ധിമുട്ട് വരാത്ത രീതിയില്‍ വേണം ചെയ്യാൻ എന്നുള്ളതാണ് ആദ്യത്തെ കാര്യം. നാട്ടുകാർക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായാല്‍ അതിന് നമ്മളാണ് പ്രതിവിധി കാണേണ്ടത്. അങ്ങനെ ഒരും വർക്ക് കള്‍ച്ചർ ആണ് ഉണ്ടാക്കിയെടുക്കുന്നതെന്നും ഇ. ശ്രീധരൻ പറഞ്ഞു.
റയില്‍വേ മന്ത്രിയുടെ നിർദേശപ്രകാരമാണ് മുന്നോട്ട് പോകുന്നത്. സംസ്ഥാന സർക്കാരിനെ ഇപ്പോള്‍ അറിയിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ എതിർപ്പുകളും ഇല്ലാതാവും. ഏറ്റടുക്കുന്ന ഭൂമിക്ക് ഏറ്റവും ഉയർന്ന വില നല്‍കാനാവും. എന്റെ സ്ഥലം എടുക്കൂ എന്ന് പറഞ്ഞ് ഓരോരുത്തരും മുന്നോട്ട് വരും. സ്ഥലത്ത് നേരിട്ടെത്തി സർവേ നടത്തുന്നതിന് മുന്നേ ജനങ്ങളുടെ ആശങ്ക തീർക്കുമെന്നും ഇ. ശ്രീധരൻ പറഞ്ഞു.
















