Football

ശരിക്കും ക്ലാസിക് പോരാട്ടം; ബാഴ്‌സ സൂപ്പര്‍ കപ്പ് നിലനിര്‍ത്തി

A truly classic battle; Barca retain the Super Cup

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ജിദ്ദ: ബാഴ്‌സയ്‌ക്കായി ബ്രസീല്‍ വിങ്ങര്‍ റഫീഞ്ഞയുടെ ഇരട്ടഗോള്‍, റയലിനായി കാണികളെ ത്രസിപ്പിച്ചുകൊണ്ട് വിനീഷ്യസ് ജൂനിയറുടെ വക ഒരു അത്യുഗ്രന്‍ സോളോ റണ്‍ ഗോള്‍, പകരത്തിന് പകരം ഗോളുകള്‍, രണ്ടുവട്ടം സമനില തുടങ്ങി ഒരു ക്ലാസിക് പോരാട്ടത്തിന് വേണ്ട ചേരുവകളെല്ലാം ചേര്‍ന്നതായിരുന്നു സ്പാനിഷ് സൂപ്പര്‍ കപ്പ് കലാശപ്പോര്. മത്സരത്തിനൊടുവില്‍ ബാഴ്‌സ 3-2ന് ജയിച്ചുകൊണ്ട് കിരീടം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷം റയലിനെ 5-2ന് തോല്‍പ്പിച്ചാണ് ബാഴ്‌സ സൂപ്പര്‍ കപ്പ് കിരീടം നേടിയിരുന്നത്.

73-ാം മിനിറ്റില്‍ ബാഴ്‌സയ്‌ക്ക് അനുകൂലമായൊരു കോര്‍ണര്‍ കിക്ക്. പലരില്‍ നിന്നെത്തിയ പന്ത് ഒടുവില്‍ വന്നുചേര്‍ന്നത് റഫീഞ്ഞയുടെ ബുട്ടിലേക്ക്. ഗോള്‍വല ലക്ഷ്യമാക്കി തൊടുത്ത ഷോട്ടിനെ റയല്‍ പ്രതിരോധതാരം തടുക്കാന്‍ ശ്രമിച്ചെങ്കിലും കാലില്‍ ഉരസി ഉയര്‍ന്നുപൊന്തിയ പന്ത് ഒന്നാന്തരം ഗോളി തിബോ കുര്‍ട്ടോയ്‌ക്ക് യാതൊരു അവസരവും നല്‍കാതെ വലയ്‌ക്കുള്ളിലേക്ക് ഉര്‍ന്ന് വീണു. പുതുവര്‍ഷത്തിലെ ആദ്യ എല്‍ ക്ലാസിക്കോയിലെ വിജയഗോള്‍ ആയിരുന്നു അത്. സ്പാനിഷ് സൂപ്പര്‍ കപ്പ് 2026ലെ ബാഴ്‌സയുടെ കിരീടഗോള്‍.

മത്സരത്തിന്റെ തുടക്കം ഒരു പതിഞ്ഞ മട്ടിലായിരുന്നു. ആറ്, ഏഴ് മിനിറ്റ് കഴിഞ്ഞതോടെ റയലിന്റെ മുന്നേറ്റത്തോടെ കളി ഉണര്‍ന്നു. പിന്നെ ബാഴ്‌സയും വിട്ടുകൊടുക്കാതെ പൊരുതാന്‍ തുടങ്ങി. ഇരുഭാഗത്തേക്കും മുന്നേറ്റങ്ങള്‍ പലകുറി കണ്ടു. ഗോളെന്നുറച്ചപോലുള്ള ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകളുമുണ്ടായി. പക്ഷെ ആദ്യ ഗോള്‍ പിറക്കാന്‍ 36-ാം മിനിറ്റ് വരെ കാക്കേണ്ടിവന്നു. പന്തുമായി കുതിച്ചുപാഞ്ഞ റഫീഞ്ഞ തടയാനെത്തിയ പ്രതിരോധതാരത്തെയും ഗോളി തിബോയെയും കീഴടക്കി വലയുടെ ഇടത് മൂലയിലേക്ക് ഗ്രൗണ്ട് ഷോട്ടിലൂടെ സ്‌കോര്‍ ചെയ്തു. ആദ്യപകുതിയുടെ സ്റ്റോപ്പേജ് സമയത്തിന്റെ രണ്ടാം മിനിറ്റില്‍ റയല്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിലൂടെ മറുപടി. ഇടത് ഭാഗത്ത് കൂടി മധ്യവരയ്‌ക്കപ്പുറം പന്തുമായി വിനീഷ്യസ് കുതിച്ചു. ആദ്യം രണ്ടുപേര്‍ തടയാനെത്തി, അവരെ തന്ത്രപൂര്‍വ്വം വെട്ടിയൊഴിഞ്ഞ് ബോക്‌സനകത്ത് കടന്നു. പിന്നെയും രണ്ട് പേര്‍ ഓരോരുത്തരെയും മറികടന്നു, അടിക്ക് തിരിച്ചടിയായി ഒരു ഗ്രൗണ്ട് ഷോട്ടിലൂടെ ബാഴ്‌സ ഗോളിയെയും കീഴടക്കി വലയുടെ ഇടത് മൂലയിലേക്ക് പന്ത് എത്തിച്ചു. ആദ്യ പകുതി പിരിയും മുമ്പേ സമനില ആശ്വാസത്തില്‍ നിന്ന റയലിന് തൊട്ടടുത്ത രണ്ടാം മിനിറ്റില്‍ ബാഴ്‌സയില്‍ നിന്നും തിരിച്ചടി. വലംകാല്‍ കൊണ്ട് മികച്ചൊരു ചിപ്പിങ്ങിലൂടെ ലെവന്‍ഡോവ്‌സ്‌കിയുടെ ഗോള്‍. തിരിച്ചടിക്കാനുള്ള ശ്രമത്തില്‍ സെക്കന്‍ഡുകള്‍ക്കകം റയല്‍ കോര്‍ണര്‍ നേടിയെടുത്തു. കോര്‍ണറില്‍ നിന്ന് പറന്നുയര്‍ന്ന പന്ത് ഒരു ക്ലീന്‍ ഹെഡ്ഡറിലൂടെ വലയില്‍ കയറിയെന്നു തോന്നിച്ചു. ഗോള്‍ ലൈന്‍ ക്ലിയറന്‍സിലൂടെ റഫീഞ്ഞ മിടുക്കു കാട്ടി. തീര്‍ന്നില്ല, റീബൗണ്ടില്‍ ഗോന്‍സാലോ ഗാര്‍ഷ്യ പന്ത് വലയ്‌ക്കുള്ളിലേക്ക് ഇടംകാല്‍ കൊണ്ട് കോരിയിട്ടു. റയല്‍ ആദ്യപകുതിയില്‍ തന്നെ വീണ്ടും സമനില പിടിച്ചു.

തീവ്രത ഒട്ടും ചോരാതെ വാശിയോടെ മത്സരം രണ്ടാം പകുതിയിലും പുരോഗമിച്ചു. വീണ്ടും ഇരുഭാഗത്തേക്കും പന്ത് താളത്തിലും വേഗത്തിലും ഒഴുകിക്കൊണ്ടിരുന്നു. റയല്‍ ഗോളി തിബോ കൂടുതല്‍ തവണ പരീക്ഷിക്കപ്പെട്ടു. റഫീഞ്ഞയുടെ ഷോട്ടില്‍ വഴുതിപ്പോയ മത്സരം തിരിച്ചുപടിക്കാന്‍ റയല്‍ ആവതും ശ്രമിച്ചുനോക്കി. സ്‌റ്റോപ്പേജ് സമയത്തും വീറും വാശിയും ചോരാതെ പൊരുതി, പക്ഷെ സമനിലക്കായുള്ള ശ്രമം വിഫലമായി. ബാഴ്‌സ തുടര്‍ജേതാക്കളുമായി.

Recent Posts