കൊച്ചി: ജമ്മുകശ്മീരിനെ ഒഴിവാക്കി ഭാരതത്തിന്റെ വികലമായ ഭൂപടം വാർഷിക ഡയറിയിൽ അടിച്ചിറക്കി കേരള ഹൈക്കോടതി അഭിഭാഷക കോ-ഓപ്പറേറ്റീവ് സൊസൈറ്റി. ജമ്മു കശ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങളെ ഇന്ത്യയുടെ ഭാഗമല്ലാത്ത രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രദേശം പാകിസ്ഥാന്റെ അധിനതയിലുള്ളത് എന്നാണ് ഭൂപടത്തിൽ രേഖപ്പെടുത്തിയിരുക്കുന്നത്. കറുത്ത കുത്തുകൾ കൊണ്ടാണ് പ്രദേശം അടയാളപ്പെടുത്തിയിരിക്കുന്നത്. അതേസമയം മറ്റ് സംസ്ഥാനങ്ങൾക്ക് വിവിധ നിറങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഡയറികൾ അംഗങ്ങൾക്ക് വിതരണം ചെയ്തത്. സംഭവം വിവാദമായതോടെ ഡയറികളിൽ നിന്നും വികലമായ ഭൂപടം പ്രസിദ്ധീകരിച്ച 66ാം ഈ പേജ് കീറികളഞ്ഞ് തൽക്കാലം തടിതപ്പിയിരിക്കുകയാണ് സഹകരണസംഘം. കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ അഭിഭാഷകനായ ആർ. പ്രശാന്ത് കുമാറാണ് പരാതി നൽകിയത്. ഇത്തരം ഭൂപടങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്നതാണെന്ന് പരാതിയിൽ പറയുന്നു.
ഭാരതീയ ന്യായ സംഹിത പ്രകാരവും, 1961-ലെ ക്രിമിനൽ നിയമ ഭേദഗതി നിയമപ്രകാരവും നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരൻ ആവശ്യപ്പെട്ടു . സൊസൈറ്റി പ്രസിഡന്റ്, സെക്രട്ടറി ഉൾപ്പെടെയുള്ള ഭാരവാഹികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും വിതരണം ചെയ്ത ഡയറികൾ ഉടൻ പിടിച്ചെടുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.











