നാഗ്പൂര്‍: മോഷണസ്വഭാവം ആരോപിച്ച് 12 വയസുകാരനെ രണ്ട് മാസത്തോളം ചങ്ങലയ്‌ക്കിട്ട് മാതാപിതാക്കള്‍. മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ നിന്നാണ് ദമ്പതികള്‍ ജോലിക്ക് പോകുന്ന സമയം കുട്ടിയെ മണിക്കൂറുകളോളം ചങ്ങലയില്‍ കെട്ടിയിടുന്ന സംഭവം പുറത്തുവന്നത്.
മാതാപിതാക്കള്‍ കൂലിപ്പണിക്കു പോകുന്ന സമയം കുട്ടി വീട്ടില്‍ നിന്നിറങ്ങിപ്പോകുകയും മറ്റുള്ളവരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുക തുടങ്ങിയ അനുസരണക്കേട് കാണിക്കുന്നതിനാലാണ് വീടിന്റെ ടെറസില്‍ കെട്ടിയിടുന്നതെന്നാണ് പറയുന്നത്. ഇക്കാരണത്താല്‍, കുട്ടിയുടെ പഠനം നിര്‍ത്തി, ജോലിക്ക് പോകുന്നതിന് മുമ്പ് കുട്ടിയെ ചങ്ങലയും പാഡ്ലോക്കും ഉപയോഗിച്ച് കെട്ടിയിടുമായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മാത്രമേ മോചിപ്പിക്കുമായിരുന്നുള്ളൂ. മാസങ്ങളായി തുടരുന്ന പ്രവര്‍ത്തി ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ജില്ലാ ശിശുക്ഷേമ സമിതിയെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ അധികൃതര്‍ ടെറസില്‍ ചങ്ങലയ്‌ക്കിട്ട സ്ഥിതിയില്‍ കുട്ടിയെ കണ്ടെത്തി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മാതാപിതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത ശിശുക്ഷേമ സമിതി അറിയിച്ചു.











