ശിവഗിരി: ഭക്തന്മാര്‍ക്കിടയില്‍ ജാതിയുടെയോ സമ്പത്തിന്റെയോ ഭേദങ്ങളുണ്ടാകില്ലെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ആത്മീയത ജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗവും എന്ന വിഷയത്തിലുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
ഈശ്വരനോടുള്ള പരമപ്രേമമാണ് ഭക്തി. ഈശ്വരന്‍ ഭക്തനില്‍ നിന്നും അകലെയല്ല. ഈശ്വരഭക്തി സേവനങ്ങള്‍ക്ക് പ്രേരിപ്പിക്കും. അത് വിശക്കുന്നവന് ഭക്ഷണമായും രോഗികള്‍ക്ക് മരുന്നായും മാറും. ലോകത്തിന്റെ പാരസ്പര്യത്തെക്കുറിച്ചുള്ള ധാരണ ഓരോ മനുഷ്യനിലും ഭക്തി സൃഷ്ടിക്കും. ഭക്തിയുടെ പേരിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ അനാചാരങ്ങളും ചൂഷണവും നടക്കുന്നത്. ഇത് ഭക്തര്‍ തിരിച്ചറിയണം. ഇല്ലെങ്കില്‍ ഈശ്വരനോടുള്ള ഭക്തി ക്രമേണ ഇല്ലാതാകും, സ്വാമി ചിദാനന്ദപുരി പറഞ്ഞു.
ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. സ്വാമി തപസ്യാമൃതാനന്ദപുരി, വര്‍ക്കല നാരായണഗുരുകുലം റെഗുലേറ്റിങ് സെക്രട്ടറി സ്വാമി ത്യാഗീശ്വര എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദതീര്‍ത്ഥ, ചിന്മയ മിഷന്‍ കേരള ഘടകം അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി, വണ്‍വേള്‍ഡ് സ്‌കൂള്‍ ഓഫ് വേദാന്ത ഡയറക്ടര്‍ സ്വാമി മുക്താനന്ദയതി, പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി നന്ദാത്മജാനന്ദ, സംബോധ് ഫൗണ്ടേഷന്‍ മുഖ്യാചാര്യന്‍ അദ്ധ്യാത്മാനന്ദ സരസ്വതി, എറണാകുളം ശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ശിവഗിരി മാസിക മാനേജര്‍ സ്വാമി സുരേശ്വരാനന്ദ തുടങ്ങിയവര്‍ സംസാരിച്ചു.
















