വര്‍ക്കല: മഹാതീര്‍ത്ഥാടനത്തിന് ശിവഗിരി കുന്നുകള്‍ ഒരുങ്ങി. ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഗുരുമന്ത്രങ്ങളുരുവിട്ട് ശിവഗിരിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. നാളെ രാവിലെ 9.30ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ 93-ാമത് ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യും.
ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനാകും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുഖ്യാതിഥിയാകും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി. രാജേഷ്, സോഹോ കോര്‍പ്പറേഷന്‍ സഹ സ്ഥാപകന്‍ ഡോ. ശ്രീധര്‍ വെമ്പു, കെ.ജി. ബാബുരാജന്‍ ബഹറിന്‍, തീര്‍ത്ഥാടന കമ്മറ്റി ചെയര്‍മാന്‍ ഡോ. എ.വി. അനൂപ് എന്നിവര്‍ സംസാരിക്കും. തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ സ്വാഗതം ആശംസിക്കും. സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി പരാനന്ദ ദീപം തെളിയിക്കും.
ഇന്ന് വിവിധ വിഷയങ്ങളില്‍ പ്രത്യേക സമ്മേളനങ്ങള്‍ ചേരും. രാവിലെ 11 ന് തീര്‍ത്ഥാടന ലക്ഷ്യം വിദ്യാഭ്യാസത്തില്‍ ‘മാറേണ്ട വിദ്യാഭ്യാസവും മാറരുതാത്ത മൂല്യങ്ങളും’ സമ്മേളനം ടൂറിസം പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനാകും. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ മുഖ്യാതിഥിയായിരിക്കും. എഡിജിപി പി.വിജയന്‍, ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍, എല്‍എന്‍സിടി ചാന്‍സലര്‍ ജയ് നാരായണ്‍ ചോക്‌സി, ഇന്‍കം ടാക്‌സ് ജോയിന്റ് കമ്മീഷണര്‍ ജ്യോതിസ് മോഹന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തും.
ഒരു മണിക്ക് തീര്‍ത്ഥാടന ലക്ഷ്യമായ ശുചിത്വത്തില്‍ ആധുനികജീവിതത്തിലെ ആരോഗ്യ പ്രതിസന്ധികള്‍ എന്ന വിഷയം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. തീര്‍ത്ഥാടന കമ്മിറ്റി രക്ഷാധികാരി ഡോ. കെ. സുധാകരന്‍ അധ്യക്ഷത വഹിക്കും. മൂന്നിന് ഗുരുദേവന്റെ ഏകലോക വ്യവസ്ഥിതിയും ആത്മീയതയും സമ്മേളനം ബീഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ സ്വാമി അധ്യക്ഷനാകും. മുന്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍ വിശിഷ്ടാതിഥിയാകും. നാലിന് സച്ചിദാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ ശിവഗിരി മഠത്തിലെ സംന്യാസി ശ്രേഷ്ഠര്‍ നയിക്കുന്ന ശ്രീനാരായണ ദിവ്യ സത്സംഗം നടക്കും.
ദേശത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ശിവഗിരിയില്‍ എത്തുന്ന ഭക്ത ജനങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ശിവഗിരി മഠം ഒരുക്കിയിരിക്കുന്നത്. മൂന്ന് ദിവസവും എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും അന്നദാനം നല്‍കുവാനുള്ള എല്ലാ സംവിധാനങ്ങളും പൂര്‍ത്തിയായി. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും.
















