തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന കൊലപാതകികളില്‍ നിന്നും ലഹരിക്കടത്തുകാരില്‍ നിന്നും കൈക്കൂലിവാങ്ങി തടിച്ചുകൊഴുത്ത ജയില്‍ ഡിഐജി എം.കെ. വിനോദ്കുമാര്‍ വിഹരിക്കുന്നത് സിപിഎമ്മിന്റെ തണലില്‍. ടി.പി. ചന്ദ്രശേഖരന്റെ കൊലയാളിയായ കൊടി സുനിക്കും മറ്റ് സിപിഎം ക്രിമിനലുകള്‍ക്കും സംരക്ഷണമൊരുക്കാനായാണ് വിനോദ്കുമാറിനെ ഒന്നാം പിണറായി സര്‍ക്കാര്‍ ജയില്‍വകുപ്പിലെ ഉന്നതസ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചത്.
അനധികൃത പരോളിനു മാത്രമല്ല, കുപ്രസിദ്ധ കുറ്റവാളികള്‍ക്ക് ജയിലില്‍ സൗകര്യമൊരുക്കുന്നതിനും, പിണറായി സര്‍ക്കാരിനും സിപിഎമ്മിലെ കൊടുംകുറ്റവാളികള്‍ക്കുമിടയിലെ പാലമായി വര്‍ത്തിച്ചതും വിനോദ്കുമാര്‍ ആണ്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വിയ്യൂരില്‍ വഴിവിട്ട് സൗകര്യങ്ങള്‍ ഒരുക്കിയതിനുള്‍പ്പെടെ രണ്ടുതവണ സസ്‌പെന്‍ഷന്‍ നടപടി നേരിട്ടെങ്കിലും വിനോദ്കുമാര്‍ ഇടതുസര്‍ക്കാരിന്റെ ഇഷ്ടക്കാരനായിരുന്നു.
വിവിധ കേസുകളിലെ പ്രതികള്‍ക്ക് വഴിവിട്ട സൗകര്യമൊരുക്കുന്നതിനും പരോള്‍ ശരിപ്പെടുത്തി നല്‍കുന്നതിനും പ്രതികളുടെ ബന്ധുക്കളില്‍ നിന്നു വിനോദ്കുമാര്‍ കൈക്കൂലിയായി പണം വാങ്ങിയിരുന്നതായാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഗൂഗിള്‍പേ വഴിയും ഭാര്യയുടെ അക്കൗണ്ട് വഴിയും വിരമിച്ച ഉദ്യോഗസ്ഥരെ ഇടനിലക്കാരാക്കിയുമാണ് ഡിഐജി കൈക്കൂലി വാങ്ങിയിരുന്നത്. ശമ്പളംകൂടാതെ ഒരു മാസത്തില്‍ 35 ലക്ഷം രൂപ വിനോദ്കുമാറിന്റെ അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്ക് 41 ലക്ഷത്തോളവും എത്തിയിട്ടുണ്ട്. കൂടാതെ വിവിധ കാലങ്ങളിലായി ഇദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് വന്‍തുകകളെത്തിയിട്ടുള്ളതായും സൂചന. രഹസ്യവിവരത്തെ തുടര്‍ന്ന് വിജിലന്‍സ് പരിശോധന നടത്തി. ഡിഐജിക്കെതിരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്-ഒന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിനോദ്കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നു കാട്ടി വിജിലന്‍സ് മേധാവി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയേക്കും.
കുപ്രസിദ്ധ സിപിഎം ക്രിമിനല്‍ കൊടി സുനിക്ക് സൗകര്യങ്ങളൊരുക്കുന്നതിനായി ഇയാളുടെ ബന്ധുവില്‍ നിന്നു വിനോദ്കുമാര്‍ പണം ഈടാക്കിയിരുന്നു. കൊടി സുനിയെ കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പോലീസുകാരുടെ സാന്നിധ്യത്തില്‍ മദ്യപിക്കാന്‍ സൗകര്യമൊരുക്കിയതും ടി. പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളില്‍ മൂന്നുപേര്‍ക്ക് 1000 ദിവസത്തോളവും ആറുപേര്‍ക്ക് 500 ദിവസത്തോളവും പരോള്‍ അനുവദിച്ചതും വിവാദമായിരുന്നു.
സിപിഎം ക്രിമിനലുകള്‍ക്ക് വഴിവിട്ട സഹായം നല്‍കാന്‍ ഉദ്യോഗസ്ഥരെ ചട്ടംകെട്ടിയതോടെയാണ് അധികാരത്തിന്റെ മറവില്‍ അഴിമതിക്കും കൈക്കൂലിക്കും ഇട നല്‍കിയത്. സിപിഎമ്മിന്റെ സന്തത സഹചാരികളായ ക്രിമിനലുകളില്‍ നിന്നു കൈക്കൂലി ഈടാക്കിയതാണ് ഡിഐജി വിനോദ്കുമാറിന് തിരിച്ചടിയായതെന്നാണ് സൂചന.












