ന്യൂദല്‍ഹി: മുഖ്യവിവരാവകാശ കമ്മീഷണറായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജ്കുമാര്‍ ഗോയല്‍ ചുമതലയേറ്റു. ഇന്നലെ രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിവരാവകാശ കമ്മീഷണര്‍മാരായി മലയാളിയായ പി.ആര്‍. രമേശ്, സുരേന്ദ്ര സിങ് മീണ, അശുതോഷ് ചതുര്‍വേദി, സ്വാഗത് ദാസ്, സുധാ റാണി റെലങ്കി, ഖുശ്വന്ത് സിങ് സേഥി, ജയ വര്‍മ്മ സിന്‍ഹ, സഞ്ജീവ് കുമാര്‍ ജിന്‍ഡാല്‍ എന്നിവരും ചുമതലയേറ്റു. കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ സംഘടിപ്പിച്ച സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യവിവരാവകാശ കമ്മീഷണര്‍ രാജ്കുമാര്‍ ഗോയല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വിവരാവകാശ കമ്മീഷണര്‍മാരായ ആനന്ദി രാമലിംഗം, വിനോദ് കുമാര്‍ തിവാരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
സപ്തംബര്‍ 13 ന് മുഖ്യവിവരാവകാശ കമ്മീഷണറായ ഹീരാലാല്‍ സമാരിയയുടെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് പുതിയ നിയമനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് ഗോയലിനെ മുഖ്യവിവരാവകാശ കമ്മീഷണറായി നിര്‍ദേശിച്ചത്. എട്ട് വിവരാവകാശ കമ്മീഷണര്‍മാരുടെ പേരുകളും ശിപാര്‍ശ ചെയ്തു. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗോയല്‍ നിയമ-നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള നീതിന്യായ വകുപ്പിന്റെ സെക്രട്ടറിയായാണ് വിരമിച്ചത്. ആഭ്യന്തര മന്ത്രാലയത്തില്‍ സെക്രട്ടറി (ബോര്‍ഡര്‍ മാനേജ്മെന്റ്) ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.











