ശ്രീനഗര്‍: വിസ നിയമങ്ങള്‍ ലംഘിച്ച് ലഡാക്കിലും ജമ്മു കശ്മീരിലും പ്രവേശിച്ച ചൈനീസ് പൗരനെ സൈന്യം പിടികൂടി. ഹു കോങ്തായ് (29) എന്ന യുവാവിനെയാണ് സൈന്യം അറസ്റ്റ് ചെയ്തത്.
ഫോണിലെ സെര്‍ച്ച് ഹിസ്റ്ററി പരിശോധിച്ചതില്‍ നിന്ന് ഇയാള്‍ പ്രദേശത്തെ സിആര്‍പിഎഫ് വിന്യാസത്തെക്കുറിച്ചും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ തെരഞ്ഞതായി കണ്ടെത്തി. നവംബര്‍ 19ന് ടൂറിസ്റ്റ് വിസയില്‍ ദല്‍ഹിയിലെത്തിയ ഇയാള്‍ക്ക് വാരാണസി, ആഗ്ര, ന്യൂദല്‍ഹി, ജയ്‌പൂര്‍, സാരാനാഥ്, ഗയ, കുശി നഗര്‍ എന്നിവിടങ്ങളിലെ ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു വിസ അനുവദിച്ചത്. എന്നാല്‍ വിസ നിയമങ്ങള്‍ ലംഘിച്ച് യുവാവ് ലഡാക്കിലും ജമ്മു കശ്മീരിലും പ്രവേശിക്കുകയായിരുന്നു.
സൈന്യത്തിന്റെ വിക്ടര്‍ ഫോഴ്‌സ് ആസ്ഥാനത്തിന് സമീപമുള്ള ദക്ഷിണ കശ്മീരിലെ അവന്തിപൂര്‍ പ്രദേശം, ശങ്കരാചാര്യ കുന്നുകള്‍, ഹസ്രത്ബാല്‍, ദാല്‍ തടാകത്തിനടുത്തുള്ള മുഗള്‍ ഗാര്‍ഡന്‍ ഉള്‍പ്പെടെ ശ്രീനഗറിലെ വിവിധ പ്രദേശങ്ങളും ഇയാള്‍ സന്ദര്‍ശിച്ചു. ഇതിനിടെയാണ് സംശയം തോന്നിയ സൈന്യം യുവാവിനെ പിടികൂടുന്നത്.
ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിസിക്സില്‍ ബിരുദം നേടിയ ഹു കോങ്തായ് താന്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണെന്നാണ് അവകാശപ്പെടുന്നത്. യുഎസ്, ന്യൂസിലാന്‍ഡ്, ബ്രസീല്‍, ഫിജി, ഹോങ്കോംഗ് തുടങ്ങിയ നിരവധി രാജ്യങ്ങള്‍ ഇയാള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പാസ്പോര്‍ട്ട് രേഖകള്‍ വ്യക്തമാക്കുന്നു.










