പാലക്കാട്: കാര്‍ഷിക രംഗത്ത് മാറ്റം സൃഷ്ടിക്കാന്‍ അക്വാപോണിക്സ് കൃഷിരീതിയുമായി വയനാട് ദ്വാരക സെക്രെഡ്ഹാര്‍ട്ട്സ് സ്‌കൂളിലെ നിഹാലും, ജീവന്‍ ജോസഫും.
ഏറെ ശ്രദ്ധനേടി വരുന്ന അക്വാകള്‍ച്ചര്‍, ഹൈഡ്രോപോണിക്സ് കൃഷിരീതികളെ കുറിച്ചാണ് എച്ച്എസ് വര്‍ക്കിങ് മോഡലില്‍ ഇവര്‍ അവതരിപ്പിച്ചത്. ജലത്തെ പ്രധാന ഘടകമായി ഉപയോഗിക്കുന്ന മത്സ്യകൃഷിയാണ് അക്വാകള്‍ച്ചര്‍, അതേസമയം മണ്ണിനു പകരം ജലത്തെ ആശ്രയിച്ചാണ് ഹൈഡ്രോപോണിക്സില്‍ ചെടികളുടെ വളര്‍ച്ച സാധ്യമാക്കുന്നത്. ഇവയെ സംയോജിപ്പിച്ചൊരു പരീക്ഷണമായ അക്വാപോണിക്സ് കൃഷിരീതിയാണ് ഇവര്‍ അവതരിപ്പിച്ചത്.
പരിസ്ഥിതി സൗഹൃദ കൃഷിക്ക് വഴിയൊരുക്കുന്ന പുതുമയുള്ള മാതൃകയാണിത്. മീനുകളുടെ വിസര്‍ജ്യം അടങ്ങിയ വെള്ളം ഹൈഡ്രോപോണിക് കൃഷിയിലേക്കും, അവിടെ നിന്ന് ഫില്‍റ്റര്‍ ചെയ്ത വെള്ളം വീണ്ടും അക്വാകള്‍ച്ചറിലേക്കും മടക്കി വിടുന്ന രീതിയാണിത്. ഇതിലൂടെ വളവും, വെള്ളവും പരമാവധി പുനരുപയോഗിക്കപ്പെടുന്നു. ജലസ്രോതസ്സുകളുടെ കുറവില്‍ കൃഷിക്ക് പുതിയ ദിശയൊരുക്കുന്ന വിദ്യാര്‍ത്ഥികളുടെ ഈ സംരംഭം, പ്രാവര്‍ത്തികമാക്കുന്നതിലൂടെ കാര്‍ഷിക രംഗത്ത് വലിയ മാറ്റം സൃഷ്ടിക്കാനാവും.
















