പാലക്കാട്: കാശ്മീരിലെ പഹല്‍ഗാമില്‍ ഭീകരവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ മൃതദേഹത്തിനരികെ കരയുന്ന നവ വധുവിനെ പാവക്കൂത്തിലൂടെ അവതരിപ്പിച്ച് കോട്ടയം വാഴപ്പള്ളി സെന്റ് തെരേസസ് എച്ച്എസ്എസിലെ വി.എച്ച്. ശ്രീലക്ഷ്മി. ഹയര്‍സെക്കന്‍ഡറി വിഭാഗം പാവകളിക്കുള്ള പാവകളുടെ നിര്‍മാണ മത്സരത്തിലാണ് ശ്രീലക്ഷ്മി പഹല്‍ഗാമിലെ ഭീകരാക്രമണം എന്ന വിഷയമെടുത്തത്. പ്രിയപ്പെട്ടവന്റെ ചേതനയറ്റ മൃതശരീരത്തിനരികെ കരഞ്ഞുകൊണ്ടിരിക്കുന്ന ഹിമാന്‍ഷിയെന്ന യുവതിയുടെ ചിത്രം ഏവരുടെയും ഹൃദയം തുളച്ചിരുന്നു. ഒരുപാവയില്‍ തന്നെ പുരുഷനെയും സ്ത്രീയെയും നിര്‍മിച്ച ശ്രീലക്ഷ്മിക്ക് എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.
















