വാഷിങ്ടൺ : യുഎസിൽ എത്തിയ ബ്രിട്ടീഷ് മുസ്ലീം പത്രപ്രവർത്തകനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ സാൻ ഫ്രാൻസിസ്കോ വിമാനത്താവളത്തിൽ വെച്ച് ഐസിഇ (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്) ആണ് പത്രപ്രവർത്തകനായ സാമി ഹംദിയെ കസ്റ്റഡിയിലെടുത്ത് തടഞ്ഞ് വച്ചത്. ഇസ്ലാമിക ഭീകരതയെ പിന്തുണയ്‌ക്കുന്നതിനും ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടികളെ വിമർശിക്കുന്നതിനും വേണ്ടി പത്രപ്രവർത്തനം നടത്തുന്ന ഒരു വ്യക്തിയാണ് സാം ഹംദിയെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പലസ്തീൻ അനുകൂല വിഷയങ്ങളെക്കുറിച്ച് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസിൽ (CAIR) സംസാരിക്കാൻ ഹംദിയെ ക്ഷണിച്ചിരുന്നു. ശനിയാഴ്ച കാലിഫോർണിയയിലെ സാക്രമെന്റോയിൽ നടന്ന CAIR ചാപ്റ്ററിന്റെ വാർഷിക ഗാലയിൽ ഇയാൾ പ്രസംഗിച്ചുവെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത ദിവസം ഫ്ലോറിഡ CAIR ചാപ്റ്ററിന്റെ പരിപാടിയിൽ അദ്ദേഹം സംസാരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അതിനുമുമ്പ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇതിന് പിന്നാലെ തീവ്രവാദത്തെ പിന്തുണയ്‌ക്കുകയും യുഎസ് ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർക്ക് ഇവിടെ ജോലി ചെയ്യാനോ സന്ദർശിക്കാനോ കഴിയില്ലെന്ന് ട്രംപ് പിന്തുണക്കാരിയായ ലോറ ലൂമർ എക്സിൽ പോസ്റ്റ് ചെയ്തു. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനും DHS-നും മേലുള്ള എന്റെ തുടർച്ചയായ സമ്മർദ്ദം കാരണം ഹംദിയുടെ വിസയിൽ യുഎസ് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചുവെന്നും ലൂമർ കൂട്ടിച്ചേർത്തു.
അതേ സമയം ഇസ്രായേലിനെ വിമർശിച്ചതിനുള്ള ശിക്ഷയായിട്ടാണ് നാടുകടത്തലെന്ന് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് (CAIR) ആരോപിക്കുന്നുണ്ട്. മുമ്പ് 2025 ഒക്ടോബർ ആദ്യം, ട്രംപ് വിരുദ്ധ പ്രതിഷേധം തത്സമയം സംപ്രേഷണം ചെയ്തതിന് പത്രപ്രവർത്തകൻ മാരിയോ ഗുവേരയെ എൽ സാൽവഡോറിലേക്ക് നാടുകടത്തിയിരുന്നു.













