ന്യൂദല്‍ഹി: ട്രംപ് ഇന്ത്യയ്‌ക്കെതിരെ അധികമായി 50 ശതമാനം താരിഫ് എര്‍പ്പെടുത്തിയ നീക്കം ഇന്ത്യയ്‌ക്ക് ജീവിതത്തില്‍ ഒരിയ്‌ക്കല്‍ മാത്രം കിട്ടുന്ന സുവര്‍ണ്ണാവസരമാണെന്നും ഈ പ്രതിസന്ധിയെ അവസരമാക്കി മാറ്റി ഇന്ത്യ വളര്‍ച്ചയിലേക്ക് കുതിക്കാന്‍ ശ്രമിക്കണമെന്നും മുന്‍ നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുണ്ടായ പ്രതിസന്ധിയില്‍ നിന്നും ജപ്പാന്‍ ഉയിര്‍ത്തെഴുന്നേറ്റു. അതുപോലെ ചൈനയും 1978 മുതല്‍ 2000 വരെ അവരുടെ പ്രതിസന്ധികളെ മറികടന്ന് സാമ്പത്തികമായി വന്‍വളര്‍ച്ചയിലേക്ക് കുതിച്ചു. അതുപോലെ ഒരു കുതിപ്പ് ഇന്ത്യയും നടത്തണമെന്ന് അമിതാഭ് കാന്ത് പറഞ്ഞു.
ട്രംപിന്റെ അധികത്തീരുവ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇന്ത്യയ്‌ക്ക് ശക്തിപകരും. ട്രംപിന്റെ അധികത്തീരുവയ്‌ക്ക് പിന്നില്‍ റഷ്യന്‍ എണ്ണയല്ല. കാരണം ചൈന ഇന്ത്യയേക്കാള്‍ കൂടുതല്‍ റഷ്യയുടെ എണ്ണ വാങ്ങുന്നുണ്ട്. തുര്‍ക്കിയും ഇന്ത്യയുടേത് പോലെതന്നെ റഷ്യയുടെ എണ്ണ വാങ്ങുന്നുണ്ട്. എന്നാല്‍ അവരെയൊന്നും ഇന്ത്യയെ ശിക്ഷിക്കുന്നതുപോലെ മോദി ശിക്ഷിക്കാന്‍ ഒരുമ്പെട്ടില്ല. ഈ അവസരം മുതലെടുത്ത് സ്വയം കരുത്താര്‍ജ്ജിക്കാന്‍ ഇന്ത്യ തയ്യാറാകണം. – അമിതാഭ് കാന്ത് പറഞ്ഞു.
ഇത് ഇന്ത്യയുടെ ദശകമല്ല, ഇന്ത്യയുടെ നൂറ്റാണ്ടാണെന്ന് പറയാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഇന്ത്യ 2047ല്‍ ഒരു വികസിതരാജ്യമായി മാറുമെന്നത് ഒരു വിദൂരസ്വപ്നമല്ല. ഇന്ത്യ അതിന്റെ അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു.
















