ആലപ്പുഴ: ആലപ്പുഴ എക്സ്പ്രസിൽ നിന്ന് വേർപെടുത്തിയ കോച്ചിൽ അജ്ഞാത സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലെ യാർഡിൽ അറ്റകുറ്റപ്പണിക്കെത്തിച്ച കോച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഫാൻ തകരാറിനെ തുടർന്ന് 10 ദിവസത്തിലേറെയായി ഈ കോച്ച് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിൽ നിന്നാണ് 50 വയസ്സിലേറെ പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ഏഴു ദിവസത്തോളം പഴക്കമുണ്ടെന്നും പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും റെയിൽവേ പോലീസ് പറഞ്ഞു. കോച്ചിൽ നിന്നു ദുർഗന്ധം വരുന്നതായി റെയിൽവേ ജീവനക്കാരാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മരിച്ച സ്ത്രീ ഒന്നിലധികം വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ടായിരുന്നു. അതിനാൽ ഇവർ ഭിക്ഷാടകയാണെന്ന നിഗമനത്തിലാണു പോലീസ്. ഇവർ ഈ കോച്ചിനടുത്തേക്ക് നടന്നുവരുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ മരണത്തിനിടയാക്കിയ സാഹചര്യം അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.











