ചെന്നൈ: കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന് വിരുദ്ധമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സംസ്ഥാനത്തിന്റെ പുതിയ വിദ്യാഭ്യാസ നയം പുറത്തിറക്കി. വിദ്യാർത്ഥികൾ ഇംഗ്ലീഷ്, തമിഴ് എന്നീ രണ്ട് ഭാഷാ വിഷയങ്ങൾ മാത്രമേ പഠിക്കേണ്ടതുള്ളൂവെന്നും മൂന്നാം ഭാഷ വേണ്ടയെന്നുമാണ് പുതിയ നയം.
വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി മുരുകേശൻ അധ്യക്ഷനായ സർക്കാർ രൂപീകരിച്ച ഒരു കമ്മിറ്റിയാണ് സംസ്ഥാന വിദ്യാഭ്യാസ നയം തയ്യാറാക്കിയത്. വിദ്യാഭ്യാസത്തിൽ പിന്തിരിപ്പൻ നയങ്ങൾ തന്റെ സർക്കാർ അനുവദിക്കില്ലെന്നും, സമത്വവും യുക്തിസഹമായ ചിന്തയും പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സ്റ്റാലിൻ വിദ്യാഭ്യാസ നയം പുറത്തിറക്കിക്കൊണ്ട് പറഞ്ഞു.
തമിഴ് ഭാഷയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് ഈ നയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റാലിന്റെ സർക്കാർ തുടക്കം മുതൽ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരാണ്. തമിഴ് സംസാരിക്കുന്ന സംസ്ഥാനത്തിന്മേൽ ഹിന്ദി അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നാണ് ആരോപണം. ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പിലാക്കാൻ വിസമ്മതിച്ചതിനാൽ തമിഴ്‌നാട്ടിൽ നിന്ന് 2200 കോടിയിലധികം രൂപയുടെ കേന്ദ്ര ഫണ്ടുകൾ തടഞ്ഞുവച്ചിരിക്കുകയാണെന്നും സ്റ്റാലിൻ ആരോപിക്കുന്നു.













