സംസ്ഥാന ഗവണ്‍മെന്റ്/എയിഡഡ്/സ്വാശ്രയ സ്ഥാപനങ്ങള്‍ 2025-27 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ (ഡിഎല്‍എഡ്) കോഴ്‌സ് പ്രവേശനത്തിന് ആഗസ്ത് 11 വൈകിട്ട് 5 മണിവരെ അപേക്ഷ സ്വീകരിക്കും.
ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ പരീക്ഷ 50 ശതമാനം മാര്‍ക്കോടെ വിജയിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 45% മാര്‍ക്ക് മതി. മൂന്ന് ചാന്‍സിനുള്ളില്‍ പരീക്ഷ പാസായിരിക്കണം. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്കിന്റെയും ചാന്‍സിന്റെയും പരിധി ബാധകമല്ല. പ്രായപരിധി 17-33 വയസ്. പ്രവേശന വിജ്ഞാപനവും മാതൃകാ അപേക്ഷാഫോറവും www.education.kerala.gov.in ല്‍ ലഭിക്കും.
ഗവണ്‍മെന്റ്/എയിഡഡ് മേഖലയില്‍ 101 ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും സ്വാശ്രയ മേഖലയില്‍ 101 ടിടിഐകളിലുമാണ് കോഴ്‌സ് നടത്തുന്നത്.
ഡിഎല്‍എഡ് പ്രവേശനം ജില്ലാതലത്തിലാണ്. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. നിര്‍ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം നിശ്ചിത ഫീസോടുകൂടി ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് 11ന് വൈകിട്ട് 5 മണിക്കകം ലഭിക്കണം.
ജില്ലാ തലത്തിലുള്ള ടിടിഐകളുടെ പട്ടിക, അപേക്ഷിക്കേണ്ട രീതി, തെരഞ്ഞെടുപ്പ് പ്രക്രിയ, പ്രവേശന നടപടികള്‍, സംവരണം, ഫീസ് മുതലായ വിവരങ്ങള്‍ www.education.kerala.gov.in- ല്‍ ലഭ്യമാണ്. എല്‍പി/യുപി സ്‌കൂള്‍ അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയാണ് ഡിഎല്‍എഡ്.











