തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര നയംരൂപീകരിക്കുന്ന സിനിമാ കോൺക്ലേവിൽ വൻ വിവാദം. മുഖ്യപ്രഭാഷകനും ലോകപ്രസിദ്ധ സിനിമാ സംവിധായകനുമായ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളോട് വേദിയിലും സദസ്സിലും നിന്ന് പ്രതികരണങ്ങളുണ്ടായി. ബഹളത്തെ തുടർന്ന് അടൂരിന്റെ പ്രസംഗം തടസപ്പെട്ടു.
അടൂരിന്റെ പ്രസംഗത്തിലെ പരാമർശങ്ങളിൽ ചിലത് ഇങ്ങനെയാണ്:
കെ.ആർ. നാരായണൻ ഇന്റ്‌സ്റ്റിറ്റിയൂട്ടിനെക്കുറിച്ച്:
സംസ്ഥാന സർക്കാരിന്റെ നിയതന്ത്രണത്തിലുള്ള ചലച്ചിത്ര പഠന സ്ഥാപനമായ കോട്ടയം ഉഴവൂരിലെ സമരത്തെക്കുറിച്ച് അടൂർ പറഞ്ഞതിങ്ങനെ: കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റിയൂട്ടിൽ നടന്നത് ഏറ്റവും വൃത്തികെട്ട സമരമായിരുന്നു. ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച സ്ഥാപനമായി മാറാൻ തക്ക തരത്തിൽ ടേക്കോഫ് ചെയ്യുന്ന ഘട്ടത്തിലായിരുന്ന് ആ വൃത്തികെട്ട സമതം. ഇന്ത്യയിലെതന്നെ ഏറ്റവും മിടുക്കനായ ശങ്കറിനെതിരേയായിരുന്നു ആ സമരം. ഡയറക്ടർ എന്ന നിലയിൽ ഡിസിപ്ലിൻ കൊണ്ടുവന്നുവെന്നതുമാത്രമായിരുന്നു കാരണം. ഇന്ത്യയിലെതന്നെ ഏറ്റവും പ്രധാന ഇൻസ്റ്റിറ്റിയൂട്ടായി മാറേണ്ടിയിരുന്ന ആ സ്ഥാപനം ഭാവി ചലച്ചിത്രകാരന്മാരെ കണ്ടെത്താൻ ഉണ്ടാക്കിയതാണ്. അവിടത്തെ എല്ലാ ഡിപ്പാർട്ടുമെന്റുകളുടെയും തലപ്പത്തുണ്ടായിരുന്നവർ പോയി. ഇപ്പോൾ അതിന്റെ അവസ്ഥ എന്താണെന്ന് നമുക്കറിയില്ല.
ടിവിചാനലുകളെക്കുറിച്ച്:
കോൺക്ലേവിൽ എടുക്കുന്ന തീരുമാനങ്ങളുടെ പരിധിയിൽ ടിവിയേയും കൊണ്ടുവരണം. ടിവി പരിപാടികൾ ഇന്ന് ഏറ്റവും നശിച്ച അവസ്ഥയിലാണ്. കൊള്ളാവുന്ന ഒരു പരിപാടിയും ഒരു ടിവിയിലുമില്ല. ഏറ്റവും മോശമാക്കാൻ അവർ തമ്മിൽ മത്സരിക്കുകയാണ്. അങ്ങടെ കൂടുതൽ റേറ്റിങ് ഉണ്ടാക്കാനാണ് നോക്കുന്നത്. കൊല്ലുന്നതും തല്ലുന്നതുമാണ് കാണിക്കുന്നത്. ഇതൊക്കെ ഉറങ്ങും മുമ്പ് കാണുന്നത് നല്ലതാണെന്നാണ് അവരുടെ ധാരണ. നമളെപ്പോലുള്ളവർ ദുസ്സ്വപ്‌നം കാണുകയാണ് ചെയ്‌യുന്നത്.
എസ് സി- എസ് ടി സഹായം:
എസ് സി -എസ് ടി വിഭാഗക്കാർക്ക് പടമെടുക്കാൻകൊടുക്കുന്നത് ഒന്നരക്കോടി രൂപയുടെ സഹായമാണ്. ഞാൻ മുഖ്യമന്ത്രിയോട് ഇക്കാര്യം ഒരിക്കൽ സംസാരിച്ചതാണ്. ധനമന്ത്രിയും ഇവിടെ ഇരിക്കുന്നുണ്ട്. ഫലമൊന്നുമുണ്ടായിട്ടില്ല.
ഈ പരിപാടിയിൽ എസ് സി – എസ് ടി വിഭാഗത്തെ തെരഞ്ഞെടുക്കുമ്പോൾ അതന്റെ ഉദ്ദേശ്യം നല്ലതാണ്. പക്ഷേ അവർക്ക് സിനിമയെടുക്കാൻ ട്രെയിനിങ് കൊടുക്കണം. മൂന്നുമാസത്തെ ട്രെയിനിങ് എങ്കിലും കൊടുക്കണം. സിനിമക്ക് പണം കൊടുത്ത ഫലിം ഡവലപ്‌മെന്റ് കോർപ്പറേഷന് പരാതികൾ മാത്രമേ ഉള്ളു. പണംഇങ്ങനെ കൊടുത്തുകൊണ്ടേയിരിക്കുമെന്നാണ് ധാരണ. പൊതുജനങ്ങൾ കൊടുത്ത കരമാണ് ആ പണം. നമ്മുടെ ജീവിതത്തിൽ ഒട്ടേറെ പ്രധാന വിഷയങ്ങൾക്ക് മുടക്കേണ്ട പണമാണ്. അത് ഒന്നരക്കോടി എന്നത് 50,000 രൂപവീതം മൂന്ന് പേർക്ക് കൊടുക്കണം. കച്ചവട സിനിമ ഉണ്ടാക്കാനല്ല, നല്ല സിനിമ ഉണ്ടാക്കാനാണ് പണം എന്ന് മനസ്സിലാക്കണം.
















