ന്യൂദല്‍ഹി: കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാനുള്ള വന്‍ പദ്ധതിയുമായി അര്‍മീനിയന്‍ പ്രതിനിധി സംഘം ഭാരതത്തില്‍ എത്തി. അസര്‍ബെയ്ജാനുമായുള്ള യുദ്ധത്തില്‍ മേല്‍ക്കൈ നേടാന്‍ അര്‍മീനിയക്ക് സഹായമായത് ഭാരതത്തില്‍ നിന്ന് വാങ്ങിയ ആയുധങ്ങളാണ്. അതിനാലാണ് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ അവര്‍ തീരുമാനിച്ചത്.
ഭാരതത്തിന്റെ പിനാക റോക്കറ്റ് ലോഞ്ചര്‍, അതീവ കൃത്യതയോടെ ആക്രമണം നടത്തുന്ന ആയുധങ്ങള്‍, ഗൈഡഡ് യന്ത്രത്തോക്കുകള്‍ എന്നിവ ഇപ്പോള്‍ അര്‍മീനിയ ഉപയോഗിക്കുന്നുണ്ട്. ആയുധങ്ങളുടെ കാര്യക്ഷമത, കൃത്യത, വിലക്കുറവ്, ഉപയോഗിക്കാനുള്ള പരിശീലനം എന്നിവയെല്ലാം മികച്ചതായതിനാലാണ് അവര്‍ കൂടുതല്‍ ആയുധങ്ങള്‍ ഭാരതത്തില്‍ നിന്ന് വാങ്ങുന്നത്.
നേരത്തെ റഷ്യയില്‍ നിന്നാണ് അര്‍മീനിയ ആയുധങ്ങള്‍വാങ്ങിയിരുന്നത്. ഉക്രൈനുമായുള്ള യുദ്ധം കാരണം റഷ്യക്ക് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ സാധിക്കാതെ വന്നതോടെയാണ് അവര്‍ ഭാരതത്തെ സമീപിച്ചത്. പിനാക റോക്കറ്റ് ലോഞ്ചറുകള്‍, ആയുധങ്ങള്‍ കണ്ടെത്താനുള്ള റഡാറുകള്‍, ടാങ്ക്വേധ ഗൈഡഡ് മിസൈലുകള്‍, പീരങ്കികള്‍, വാഹനത്തില്‍ ഘടിപ്പിച്ച് എവിടെ വേണമെങ്കിലും കൊണ്ടുപോകാവുന്ന 155 എംഎം മൗണ്ടഡ് ഗണ്‍സിസ്റ്റം എന്നിവയാണ് അര്‍മീനിയ ഭാരതത്തില്‍ നിന്ന് വാങ്ങുക.
















