കല്‍ക്കട്ട: സൗത്ത് കല്‍ക്കട്ട ലോ കോളേജിലെ കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സര്‍വകലാശാലകളിലും എയ്ഡഡ് കോളേജുകളിലും വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്ക് അനുവദിച്ചിരി ക്കുന്ന മുറികള്‍ പൂട്ടാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു.
പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പല സര്‍വകലാശാലകളിലും സമീപ വര്‍ഷങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ നടന്നിട്ടില്ലെന്നും വിദ്യാര്‍ത്ഥി യൂണിയനുകള്‍ പ്രവര്‍ത്തനരഹിതമാണെന്നും അഭിഭാഷകന്‍കൂടിയായ ഹര്‍ജിക്കാരന്‍ സയന്‍ ബാനര്‍ജി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാര്‍ത്ഥി കൗണ്‍സിലും നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള വിവരാവകാശ മറുപടിയും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചു.
ജൂണ്‍ 25 ന് സൗത്ത് കല്‍ക്കട്ട ലോ കോളേജില്‍ നടന്ന കൂട്ടബലാത്സംഗത്തിന് ശേഷമാണ് പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. വിദ്യാര്‍ത്ഥി യൂണിയന്‍ മുറിക്കുള്ളിലാണ് ആക്രമണം ആരംഭിച്ചതെന്ന് പരാതിയില്‍ പറയുന്നു.
















