വാഷിങ്ടണ്‍: ആക്‌സിയം നാല് ദൗത്യത്തിന് മുന്നോടിയായി ഭാരതീയന്‍ ശുഭാംശു ശുക്ലയുള്‍പ്പെടെയുള്ള ബഹിരാകാശ യാത്രികര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ജൂണ്‍ എട്ടിന് നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാണ് ആക്‌സിയം 4ന്റെ വിക്ഷേപണം. ഇതോടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) സന്ദര്‍ശിക്കുന്ന ആദ്യ ഭാരതീയ ബഹിരാകാശ യാത്രികനാകും ശുക്ല.
ക്വാറന്റൈന് മുന്നോടിയായി ആക്സിയോം സ്പേസ് ജീവനക്കാര്‍ ക്രൂ അംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്കി. ഈ ദൗത്യം വിജയകരമാകുമെന്ന് ഉറപ്പുണ്ടെന്ന് ചടങ്ങില്‍ ശുഭാംശു ശുക്ല പറഞ്ഞു. ബഹിരാകാശ യാത്രികര്‍ ആരോഗ്യവാന്മാരാണെന്നും രോഗവിമുക്തരാണെന്നും ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന പ്രോട്ടോക്കോളാണ് വിക്ഷേപണത്തിന് 14 ദിവസം മുമ്പ് ക്വാറന്റൈന്‍.
നാസയുടെ മുതിര്‍ന്ന ബഹിരാകാശ യാത്രികനും ആക്സിയോം സ്പെയ്‌സിന്റെ ഹ്യൂമന്‍ സ്പേസ്ഫ്ലൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണ്‍, പോളണ്ടില്‍ നിന്നുള്ള യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ സ്ലാവോഷ് ഉസ്നാന്‍സ്‌കി-വിസ്നിയേവ്സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് മറ്റംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: