തൃശൂർ: വികസിത കേരളം മുദ്രാവാക്യം മാത്രമല്ല, ബിജെപിയുടെ ലക്ഷ്യവും ജനങ്ങളോടുള്ള കടമയുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ സിറ്റി ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കടം മേടിക്കാതെ മുന്നോട്ടുപോകാൻ കഴിയാത്ത സർക്കാറാണ് നൂറു കോടി ചിലവഴിച്ച് ഒൻപതാം വാർഷികം ആഘോഷിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
2014 മുതൽ രാജ്യത്ത് നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന മാറ്റം ലോകം മുഴുവൻ ചർച്ച ചെയ്യുകയാണ്. ലോകത്ത് മുഴുവൻ ഇന്ത്യയ്‌ക്ക് ബഹുമാനം ലഭിക്കുന്നു. എന്നാൽ കേരളത്തിലെ സ്ഥിതിക്ക് മാത്രം മാറ്റമില്ല. 2014 വരെ വലിയ വലിയ അഴിമതികൾ ഈ രാജ്യത്ത് നിർബാധം നടന്നിരുന്നു. പ്രതിരോധ മേഖലയിൽ പോലും ഭാരതം ദുർബലമായ വർഷങ്ങളായിരുന്നു അത്. മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന നുണപ്രചാരണത്തിനാണ് കോൺഗ്രസ് ശ്രമിച്ചത്. ആ ഘട്ടത്തിൽ നിന്ന് ഭാരതം ഏറെ മാറിയിരിക്കുന്നു. എന്നാൽ കേരളം അവിടെത്തന്നെ നിൽക്കുന്നു. കടം വാങ്ങാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളമില്ല. ആശാവർക്കർമാർ മാസങ്ങളായി സമരത്തിലാണ്.
ആകെ സർക്കാരിന് എടുത്തു പറയാനുള്ളത് ദേശീയപാതയുടെ നിർമ്മാണം മാത്രമാണ്. അതാണെങ്കിൽ കേന്ദ്രസർക്കാർ നടത്തുന്നതുമാണ്. ഇതു പറഞ്ഞത് ബിജെപി സംസ്ഥാന അധ്യക്ഷൻ അല്ല, പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പ്രസംഗിച്ചതാണ്. 2014 ന് ശേഷം ഇന്ത്യയുടെ സാമ്പത്തിക രംഗം വലിയ മാറ്റത്തിന് വിധേയമായി. ആഗോളതലത്തിൽ മൂന്നും നാലും സ്ഥാനത്തേക്ക് ഭാരതം ഉയരുകയാണ്. മാറ്റം ആഗ്രഹിച്ചാണ് ജനങ്ങൾ മോദിജിയെ വിജയിപ്പിച്ചത്. അദ്ദേഹം ജനങ്ങൾക്ക് മാറ്റം നൽകി.
കേരളത്തിൽ നിന്ന് 500 കിലോമീറ്റർ മാത്രം ദൂരത്ത് ആപ്പിൾ ഉൾപ്പെടെയുള്ള വമ്പൻ കമ്പനികൾ നിക്ഷേപം നടത്തുന്നു. തമിഴ്നാട്ടിലും കർണാടകയിലും വമ്പൻ നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു. എന്നാൽ ഇതൊന്നും കേരളത്തിന്റെ അതിർത്തി കടന്ന് ഇങ്ങോട്ടേക്ക് വരുന്നില്ല.
വികസിത ഭാരതം ഉണ്ടാകുമ്പോൾ വികസിത കേരളവും ഉണ്ടാവണം. നാട്ടിൽ മാറ്റം കൊണ്ടുവരാൻ കഴിയുന്ന ഒരേയൊരു പാർട്ടി ഏതാണ് എന്ന് ജനങ്ങൾ തിരിച്ചറിയണം. അതിന് വലിയ പരിശ്രമം ആവശ്യമില്ല. ബിജെപി സർക്കാർ കഴിഞ്ഞ 10 വർഷമായി രാജ്യത്ത് കൊണ്ടുവന്ന മാറ്റങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. പതിറ്റാണ്ടുകൾ രാജ്യം ഭരിച്ച കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല. ആരാണ് വാഗ്ദാനം നൽകിയിട്ട് ഓടിക്കളയുന്നതെന്നും, വാഗ്ദാനങ്ങൾ ആരാണ് പാലിക്കുന്നതെന്നും ജനങ്ങൾക്ക് മനസ്സിലാകും. രാജ്യത്ത് മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് മാത്രമേ കഴിയൂ. എൽഡിഎഫും യുഡിഎഫും സംസ്ഥാനത്ത് ചെയ്യുന്നത് ജനങ്ങളിൽ വിഷം നിറയ്‌ക്കുക എന്നത് മാത്രമാണ്.
സംസ്ഥാന സർക്കാർ ഇപ്പോൾ വാർഷികം ആഘോഷിക്കുകയാണ്. ആശാവർക്കർമാർക്ക് 100 രൂപ കൂട്ടി ചോദിച്ചപ്പോൾ തരില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയാണ് 100 കോടിയുടെ ആഘോഷങ്ങൾ നടത്തുന്നത്. തീരദേശ ജനതയുടെ നീണ്ട പ്രശ്നങ്ങൾക്ക് ഒരു പരിഹാരവും ഇല്ല.കടൽ ഭിത്തി കേട്ടാനുള്ള തുക പോലും ചിലവിടാൻ സർക്കാർ തയ്യാറല്ല. കടം വാങ്ങാതെ മുന്നോട്ടുപോകാൻ കഴിയാത്ത സർക്കാരാണ് വാർഷികാഘോഷം നടത്തുന്നത്. മുനമ്പത്ത് 610 കുടുംബങ്ങളെ കാണാത്ത സർക്കാരാണ് വലിയ ആഘോഷം നടത്തുന്നത്.
നാല് കോടി മലയാളികൾക്കായി വികസനം കൊണ്ടുവരാൻ ബിജെപി സർക്കാരിന് മാത്രമേ കഴിയൂ. ഇനി കാര്യം നടക്കണം. അതിനായി പരിശ്രമിക്കണം.
ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് മാത്രമേ കഴിയൂ. ബിജെപി പ്രവർത്തകർ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കണം. വികസിത കേരളം എന്നത് ജനങ്ങളോടുള്ള നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന നേതാക്കളായ എം ടി രമേശ്, ശോഭ സുരേന്ദ്രൻ, എ. എൻ രാധാകൃഷ്ണൻ, അഡ്വ ബി ഗോപാലകൃഷ്ണൻ, അഡ്വ എസ്. സുരേഷ്, അനൂപ് ആന്റണി, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, മുൻ തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാർ, സിറ്റി ജില്ലാ ഭാരവാഹികൾ എന്നിവർ കൺവൻഷനിൽ പ്രസംഗിച്ചു. ജില്ലാ ഭാരവാഹി യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ആവശ്യമായ മാർഗനിർദേശങ്ങൾ സംസ്ഥാന പ്രസിഡന്റ് നൽകി. തൃശ്ശൂരിൽ നടക്കുന്ന ആർ എസ് എസ് പരിശീലന ശിബിരത്തിലും രാജീവ് ചന്ദ്രശേഖർ സന്ദർശനം നടത്തി. ഉച്ചക്ക് ശേഷം കൊടുങ്ങല്ലൂരിൽ നടന്ന തൃശ്ശൂർ സൗത്ത് ജില്ലാ കൺവൻഷനും രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: