കൊൽക്കത്ത: ബംഗാളിൽ സർക്കാർ സർവ്വകലാശാല വൈസ് ചാൻസലർമാർ നിയമനത്തിൽ പുതിയ വഴിത്തിരിവ്. ചാൻസലർ എന്ന നിലയിൽ 19 സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണർ ഡോ.സിവി ആനന്ദബോസ്, മറ്റു 17 സർവ്വകലാശാലകളിലേക്ക് സർക്കാർ ശുപാർശ ചെയ്ത ഉദ്യോഗാർഥികളുടെ കാര്യത്തിൽ തന്റെ വിയോജനവും നിഗമനങ്ങളും മുദ്രവെച്ച കവറിൽ സുപ്രീംകോടതിക്ക് സമർപ്പിക്കുകയും ചെയ്തു.
ഇതോടെ ബംഗാളിൽ ഉന്നത വിദ്യാഭ്യാസമേഖലയിൽ ഗുണനിലവാരം ഉറപ്പാക്കാൻ ഗവർണർ എടുക്കുന്ന ഉറച്ച നിലപാടുകൾ വീണ്ടും സജീവ ചർച്ചാവിഷയമായി. സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള എല്ലാ സർവകലാശാലകളുടെയും ചാൻസലറായ ഗവർണർ ആനന്ദ ബോസ്, വിസി സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥികളുടെ പശ്ചാത്തലം വിശദമായി അവലോകനം ചെയ്തതിന് ശേഷമാണ് സുപ്രീം കോടതിക്ക് റിപ്പോർട്ട് കൈമാറിയത്. ഈ 17 സർവകലാശാലകളിൽ കൽക്കട്ട, ജാദവ്പൂർ സർവകലാശാലകളും ഉൾപ്പെടുന്നു.
“ചാൻസലർ കൂടിയായ ഗവർണർ ഇതിനകം 19 സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിച്ചിട്ടുണ്ട്. ബാക്കിയുള്ള 17 സർവകലാശാലകളുടെ കാര്യത്തിൽ, മുഖ്യമന്ത്രി ശുപാർശ ചെയ്ത ഉദ്യോഗാർത്ഥികളുടെ പശ്ചാത്തലവും യോഗ്യതകളും സൂക്ഷ്മമായ വിലയിരുത്തി വിശ്വസനീയ സ്രോതസ്സുകളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ കൂടി അടിസ്ഥാനത്തിൽ ഗവർണർ തന്റെ നിലപാട് സീൽ വെച്ച കവറിൽ സുപ്രീം കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. മറുഭാഗത്തിന്റെ വാദം കൂടി സുപ്രീം കോടതി കേട്ടശേഷം അക്കാര്യത്തിൽ രണ്ടാഴ്ചയ്‌ക്കുള്ളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് കഴിയുമെന്ന് പ്രത്യാശിക്കുന്നു”- എക്സ് ഹാൻഡിലിൽ രാജ്ഭവൻ മീഡിയ സെൽ വ്യക്തമാക്കി.
ജസ്റ്റിസ് യുയു ലളിത് തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ നിന്നാണ് സർക്കാർ വിസി സ്ഥാനാർത്ഥികളുടെ പാനൽ ഗവർണർക്ക് സമർപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: