തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസര്‍ക്കാരിന്റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) സ്വീകരിക്കുന്നതിനുള്ള കരാര്‍ ഏപ്രില്‍ 9ന് ഒപ്പിടും. രണ്ടു കരാറുകളാണ് ഒപ്പിടുക. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യത്തേത്. തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറില്‍ തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഒപ്പിടും.
ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക കാര്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. വിജിഎഫ് ആയി 817.80 കോടി രൂപ തരുന്നതിന് പകരം, തുറമുഖത്തുനിന്ന് സംസ്ഥാനത്തിനുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കുവയ്‌ക്കണമെന്ന വ്യവസ്ഥ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു.
പഴയ കരാര്‍ പ്രകാരം തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം 15-ാം വര്‍ഷം മുതലാണ് സംസ്ഥാന സര്‍ക്കാരിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. എന്നാല്‍, ഇപ്പോള്‍ എത്തിച്ചേര്‍ന്ന ധാരണ പ്രകാരം 2034 മുതല്‍ തന്നെ തുറമുഖത്തില്‍ നിന്നും വരുമാനത്തിന്റെ വിഹിതം സര്‍ക്കാരിന് ലഭിക്കും.
ഇപ്പോള്‍ എത്തിച്ചേര്‍ന്ന ധാരണ പ്രകാരം തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും (രണ്ടും, മൂന്നും, നാലും ഘട്ടങ്ങള്‍ ഉള്‍പ്പെടെ) 2028-ഡിസംബര്‍നുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ട് കമ്പനി സമ്മതിച്ചിട്ടുണ്ട്. അതനുസരിച്ച് തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം ടിയുഇ ആയിരിക്കും.
തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10000 കോടി രൂപയുടെ ചെലവാണ് കണക്കാക്കിയിരിക്കുന്നത്. ഈ തുക പൂര്‍ണ്ണമായും അദാനി പോര്‍ട്സ് ആയിരിക്കും വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: