ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലമായ കൊട്ടാരക്കരയിൽ കിഫ്ബിയുടെ വിവിധ പദ്ധതികൾക്കു കീഴിൽ മണ്ഡലത്തിന്റെ സമഗ്ര വികസനം പുരോഗമിക്കുന്നു.
ആരോഗ്യ മേഖലയ്‌ക്കും പൊതുമരാമത്ത് ജോലികൾക്കും കൊട്ടാരക്കരയിൽ കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ട്. കല്ലടയാറിനു കുറുകെ ചെട്ടിയാരഴികത്ത് പാലം നിർമാണത്തിനു 10.18 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിച്ച് കല്ലടയാറിനു കുറുകെയുള്ള പാലമാണിത്. കൊല്ലം ജില്ലയിലെ താഴത്ത് കുളക്കടയും പത്തനംതിട്ട ജില്ലയിലെ മണ്ണടിയും ബന്ധിപ്പിച്ചാണ് എംസി റോഡിനു സമാന്തരമായുള്ള പാലം.
ശാസ്താംകോട്ട കൊട്ടാരക്കര നീലേശ്വരം കോർട്ട് കോംപ്ലക്സ് റോഡിന്റെ വികസനം ഈ മണ്ഡലത്തിലെ അടിസ്ഥാനസൗകര്യ മേഖലയിൽ സുപ്രധാനമാണ്. 20.80 കോടി രൂപ കിഫ്ബി വഴി ഇതിന് അനുവദിച്ചിട്ടുണ്ട്. നെടുമങ്കാവ് ആറിനു കുറുകെയുള്ള അറക്കക്കടവ് പാലത്തിന് 10.28 കോടി രൂപയും കിഫ്ബി ധനസഹായം നൽകി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 67.67 കോടി രൂപയുടെ ധനസഹായമാണ് കിഫ്ബി നൽകിയിരിക്കുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനായാണ് തുക വിനിയോഗിക്കുക.
രണ്ട് സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനമാണ് കിഫ്ബി ഫണ്ട് വഴി പ്രധാനമായും വിഭാവനം ചെയ്യുന്നത്. 1834ൽ കൊട്ടാരക്കരയിൽ സ്ഥാപിതമായ സ്കൂളാണ് ജിവിഎച്ച്എസ്എസ്. ഇതിന്റെ വികസനത്തിന് അഞ്ച് കോടി രൂപ കിഫ്ബി വഴി അനുവദിച്ചിട്ടുണ്ട്. പെരുംകുളത്ത് സ്ഥിതി ചെയ്യുന്ന ജിപിവി എച്ച്എസ്എസിന്റെ വികസനവും കിഫ്ബി ഫണ്ടിന്റെ കരുത്തിൽ പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: