മലപ്പുറം: അടുത്തിടെയായി വീട്ടിൽ പ്രസവം നടത്താൻ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള വീഡിയോകൾ പ്രചരിക്കപ്പെടുന്നുണ്ട്. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കാൻ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപക പ്രചാരണമാണ് നാച്ചുറോപതി-അക്യുപങ്ചർ ചികിത്സകർ നടത്തുന്നത്. വീട്ടിൽ പ്രസവിച്ച അമ്മമാർക്ക് പ്രോത്സാഹനമായി സമ്മാനങ്ങളും നൽകിയിരുന്നു.ഇതിന്റെ ഫലമായി വീട്ടിൽ പ്രസവം നടത്തി അമ്മയും കുഞ്ഞും മരിക്കുന്ന സംഭവങ്ങളും ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
ഈ സംഭവങ്ങൾ ആവർത്തിക്കപ്പെട്ടിട്ടും സർക്കാർ നടപടികളൊന്നും എടുക്കുന്നില്ല എന്നതാണ് വാസ്തവം. ഗാർഹിക പ്രസവത്തിന് ഗർഭിണികളെ പ്രേരിപ്പിക്കുന്നവർക്കെതിരെ ആരോഗ്യവകുപ്പ് നിയമ നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം. മലപ്പുറം ഈസ്റ്റ് കോഡൂരിൽ വീട്ടിൽ പ്രസവിച്ച യുവതി ഒരു പരിചരണവും ലഭിക്കാതെയാണ് ശനിയാഴ്ച മരണത്തിന് കീഴടങ്ങിയത്.നേരത്തെ തിരുവനന്തപുരത്തും സമാന സംഭവം അരങ്ങേറിയിരുന്നു.
2023ൽ തിരൂർ തലക്കാട് ഭാഗത്ത് അക്യുപങ്ചർ ചികിത്സയിലൂടെ വീട്ടിൽ നടന്ന പ്രസവത്തിലും കുട്ടി മരിച്ചിരുന്നു. ഇത്തരം സംഭവങ്ങളിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുന്നതിനപ്പുറം യാഥാർഥ പ്രതികളിലേക്ക് നിയമത്തിന്റെ കൈകൾ നീളുന്നില്ല. ഏറെ സാഹസികത നിറഞ്ഞതായിട്ടും പല സ്ഥലങ്ങളിലും ഗാർഹികപ്രസവം നടക്കുന്നുണ്ട്. വിശ്വാസങ്ങളുടെ മറപിടിച്ച് ആധുനിക വൈദ്യശാസ്ത്രത്തെ തെറ്റായി ചിത്രീകരിച്ചാണ് ഇവർ ഇത് പ്രോത്സാഹിപ്പിക്കുന്നത്.
ഇവരുടെ വാക്കുകൾ വിശ്വസിക്കുന്നവരുടെ എണ്ണം കൂടുകയാണ്. കൃത്യമായ മരുന്നോ, ചികിത്സയോ നൽകാതെയാണ് ഇവർ ഗാർഹിക പ്രസവത്തിന് പ്രേരിപ്പിക്കുന്നത്. സിംഗിൾ നീഡിൽ അക്യുപങ്ചർ ചികിത്സകരാണ് പിന്നിൽ. ഇപ്രകാരം ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പോ അത്യാവശ്യ ചികിത്സകളോ കിട്ടുന്നില്ല. അതിനാൽ പ്രസവശേഷം മാതാവോ കുഞ്ഞോ മരിക്കാനുള്ള സാധ്യത കൂടുതലാണ്. വാക്സിനുകൾ ലഭിക്കാത്തതിനാൽ കുഞ്ഞുങ്ങൾക്ക് പിന്നീട് സ്ഥിര വൈകല്യത്തിനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: