നാഗ്പൂര്‍: സംഘടിത ദേശീയ ശക്തിയിലൂടെ രാഷ്‌ട്രത്തിന് പുതുയുഗം കുറിച്ച രാഷ്‌ട്രീയ സ്വയം സേവക സംഘം പിറന്ന മണ്ണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. വിക്രമ സംവത്സരം പിറന്ന വര്‍ഷ പ്രതിപദയില്‍, ജയന്തി ദിനത്തില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന. ഡോക്ടര്‍ജി കൊളുത്തിയ ആദര്‍ശാഗ്‌നി സമാജത്തിന്റെ എല്ലാ മേഖലയിലും പടര്‍ത്തിയ ഗുരുജി ഗോള്‍വല്‍ക്കറിന്റെ ഓര്‍മകള്‍ക്ക് ശ്രദ്ധാഞ്ജലി. ഡോക്ടര്‍ജിയുടെയും ഗുരുജിയുടെയും ഓര്‍മകള്‍ ജ്വലിച്ചുയരുന്ന ഈ സ്മൃതി മണ്ഡപത്തില്‍ നില്‍ക്കുമ്പോള്‍ അവര്‍ ഉള്ളില്‍ നിറയുകയാണെന്ന് അദ്ദേഹം സന്ദര്‍ശക പുസ്തകത്തില്‍ കുറിച്ചു.
സ്മൃതി മന്ദിരത്തില്‍ ചെലവഴിച്ച നിമിഷങ്ങള്‍ സവിശേഷ അനുഭൂതിയായിരുന്നുവെന്ന് അദ്ദേഹം പിന്നീട് എക്സില്‍ കുറിച്ചു. ആര്‍എസ്എസ് ഭാരതത്തിന്റെ അമര സംസ്‌കൃതിയുടെ അക്ഷയ വടവൃക്ഷമാണെന്ന് നാഗ്പൂര്‍ നഗരത്തില്‍ മാധവ് നേത്രാലയത്തിലെ പുതിയ മന്ദിരത്തിന് തറക്കല്ലിട്ടുകൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സ്വയംസേവകനും സേവനവും രണ്ടല്ല. എവിടെ സേവനമാവശ്യമുണ്ടോ അവിടെ സ്വയംസേവകരുമുണ്ട്, അദ്ദേഹം പറഞ്ഞു.
ഭൂകമ്പവും പ്രളയവും അടക്കം രാജ്യം എപ്പോഴൊക്കെ പ്രതിസന്ധിയിലായിട്ടുണ്ടോ അപ്പോഴൊക്കെ സേവന സജ്ജരായി ആര്‍എസ്എസ് പ്രവര്‍ത്തകരുണ്ട്. ദേവനില്‍ നിന്ന് ദേശത്തിലേക്ക്, രാമനില്‍ നിന്ന് രാഷ്‌ട്രത്തിലേക്ക് എന്ന ജീവമന്ത്രം മനസില്‍ ആവാഹിച്ചാണ് സ്വയംസേവകര്‍ പ്രവര്‍ത്തിക്കുന്നത്. വെല്ലുവിളികള്‍ നിറഞ്ഞ ഏത് ഘട്ടത്തിലും സ്വന്തം ജീവന് എന്തു സംഭവിക്കും എന്ന് ഒരു നിമിഷം പോലും ആലോചിക്കാതെ സ്വയംസേവകര്‍ ജനങ്ങളെ സഹായിക്കാന്‍ രംഗത്തിറങ്ങും. ഇത്രമാത്രം നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവര്‍ വേറെയില്ല, പ്രധാനമന്ത്രി പറഞ്ഞു.
പൂജനീയ ഡോക്ടര്‍ജിയുടെ ജന്മദിനത്തില്‍, വര്‍ഷ പ്രതിപദയില്‍ രേശിംഭാഗിലെ സ്മൃതി മന്ദിരത്തില്‍ എത്താനായത് ഈ ദിവസത്തെ ഏറെ പ്രത്യേകതകളുള്ളതാക്കുന്നുവെന്ന് അദ്ദേഹം പിന്നീട് എക്സില്‍ കുറിച്ചു. പരം പൂജനീയ ഡോക്ടര്‍ജിയുടെയും പൂജ്യ ഗുരുജിയുടെയും ചിന്തകളില്‍ നിന്നാണ് എന്നെ പോലെ എണ്ണമറ്റ ആളുകള്‍ പ്രേരണയും കരുത്തും ആര്‍ജിച്ചത്. സമൃദ്ധവും സശക്തവും സംസ്‌കൃതി സമ്പന്നവുമായ ഭാരതം വിഭാവനം ചെയ്ത ആ മഹാപുരുഷന്മാര്‍ക്ക് പ്രണാമമേകാനാകുന്നത് ബഹുമതിയാണ്, അദ്ദേഹം കുറിച്ചു. സ്മൃതി മന്ദിരത്തിലും തുടര്‍ന്ന് ആര്‍എസ്എസ് കാര്യാലയത്തിലും എത്തിയ പ്രധാനമന്ത്രിയെ ഡോ. ഹെഡ്‌ഗേവാര്‍ സ്മാരക അധ്യക്ഷനും അഖില ഭാരതീയ കാര്യകാരി അംഗവുമായ സുരേഷ് ജോഷി സ്വീകരിച്ചു. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
എക്കാലവുംപ്രേരണ
പൂജനീയ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ജിക്കും പൂജ്യ ഗുരുജിക്കും ആയിരമായിരം പ്രണാമങ്ങള്‍. അവരുടെ ഓര്‍മ്മകള്‍ ജ്വലിക്കുന്ന ഈ സ്മൃതി മണ്ഡപത്തില്‍ നില്‍ക്കുമ്പോള്‍ അവര്‍ ഉള്ളില്‍ നിറയുകയാണ്. ഭാരതീയ സംസ്‌കാരത്തിനും, ദേശീയതയ്‌ക്കും അഖണ്ഡതയ്‌ക്കുമായി സമര്‍പ്പിതമായ ഈ പുണ്യഭൂമി രാഷ്‌ട്രസേവനത്തിന്റെ വഴികളില്‍ ഇനിയുമിനിയും മുന്നേറുവാന്‍ നമുക്ക് പ്രചോദനമേകുന്നു. സംഘത്തിന്റെ നെടുംതൂണുകളായ ഈ മഹദ് വ്യക്തിത്വങ്ങളുടെ ഓര്‍മകള്‍ രാഷ്‌ട്രസേവനത്തിനായി സ്വയം സമര്‍പ്പിച്ച് മുന്നോട്ടുവരുന്ന ലക്ഷക്കണക്കിന് സ്വയംസേവകരുടെ ഊര്‍ജ്ജസ്രോതസ്സാണ്.
നമ്മുടെ ഓരോ ചുവടുവയ്‌പ്പും ഭാരതാംബയുടെ അഭിമാനത്തെ ഇനിയുമേറെ ഉയര്‍ത്തുവാന്‍ പോന്നതാകട്ടെ.
(ഡോക്ടര്‍ജി സ്മൃതി മന്ദിരത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: