തിരുവനന്തപുരം: കേരളം ബിജെപിക്ക് ബാലികേറാമലയല്ലെന്ന് തെളിയിക്കാന്‍ കഴിഞ്ഞെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ച പ്രതിനിധി സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന ജനവിഭാഗത്തിന്റെ വോട്ട് ഗണ്യമായ രീതിയില്‍ ഇത്തവണ പാര്‍ട്ടിക്ക് ലഭിച്ചു. ബിജെപി ഉയര്‍ത്തുന്ന പുതിയ ആശയത്തെ മലയാളികള്‍ സ്വീകരിച്ചു. ബിജെപി കേരളത്തില്‍ അവഗണിക്കാന്‍ പറ്റാത്ത ശബ്ദമായി മാറി. സിപിഎം സമ്മേളനത്തില്‍ മുക്കാല്‍ ഭാഗവും ബിജെപിയുടെ വളര്‍ച്ചയെക്കുറിച്ച് ചര്‍ച്ച ചെയ്യലായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ടീയമാറ്റം വരുന്നുവെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തി. മൂന്ന് മുന്നണികള്‍ ഉള്ളപ്പോള്‍ മൂന്നാം മുന്നണി നയിക്കല്‍ പ്രയാസകരമാണ്. കൈ നനയാതെ മീന്‍ പിടിക്കാന്‍ പ്രതിപക്ഷം കാത്തിരുന്നു. നമ്മള് അധ്വാനിക്കുന്ന ഫലം യുഡിഎഫിന് കിട്ടരുതെന്ന കൃത്യമായ നിലപാട് സ്വീകരിച്ചു. അതിന്റെ ഫലമാണ് ബിജെപിയുടെ വളര്‍ച്ച. ശക്തമായ ബഹുജന അടിത്തറയില്‍ രാജീവിന് കുതിച്ച് കയറാനാകും. ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനം എന്താണെന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ടതാണ്. മൂന്ന് പതിറ്റാണ്ടിലെ രാഷ്ട്രീയ പാരമ്പര്യവും തീക്ഷ്ണ ജീവിതവും കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായ ബിജെപിയില്‍ പ്രവര്‍ത്തിക്കാനായതില്‍ ഓരോ പ്രവര്‍ത്തകനും അഭിമാനിക്കാമെന്ന് കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.
സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസില്‍ ഒരു വീട്ടില്‍ നിന്ന് മൂന്ന് എംപിമാരാണ്. എന്നാല്‍ ബിജെപിയില്‍ ഒരിടത്തും അത് കാണാനാകില്ലെന്നും രാജീവ് ചന്ദ്രശേഖറിന് സംസ്ഥാനത്ത് വലിയമാറ്റം കൊണ്ടുവരാനാകുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ അഴിമതി സര്‍ക്കാരിനെ പുറന്തള്ളാനാകുമെന്ന് സഹപ്രഭാരി അപരാജിത സാരംഗി പറഞ്ഞു.
പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്റെ പദവി രാജീവ് ചന്ദ്രശേഖറിന് ഭാരിച്ച ഉത്തരവാദിത്തമാണെന്ന് താന്‍ കരുതുന്നില്ലെന്നും മോദിക്കും അമിത് ഷായ്ക്കും വേണ്ടി കേരളം മൊത്തം നമ്മള് ഇങ്ങ് എടുക്കാന്‍ പോവുകയാണെന്നും കേന്ദ്രമന്ത്രി സുരേഷ്ഗോപി പറഞ്ഞു.
പോരാളിയില്‍ നിന്ന് തേരാളിയിലേക്ക് കൈമാറിയ ഹരിതകുങ്കുമ വര്‍ണപതാക കേരളത്തിലെ നീലവാനില്‍ ഉയരെ പാറട്ടെ എന്നും രാജീവ് ചന്ദ്രശേഖറിന്റെ തേരില്‍ ബിജെപിയിലെ മുഴുവന്‍ പോരാളികളും ഒറ്റക്കെട്ടായി ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് പറഞ്ഞു.
ബിജെപി ചരിത്രം തിരുത്തിക്കുറിക്കുമെന്നും നാടിന്റെ വികസന കാഴ്ചപ്പാടിന്റെ ഒരേട് തുന്നിച്ചേര്‍ക്കാന്‍ രാജീവ് ചന്ദ്രശഖറിന് കഴിയുമെന്നും മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയം കൈവരിക്കുമെന്നും കേരളവും ദേശീയരാഷ്ട്രീയത്തോടൊപ്പം അണിചേരുമെന്നും ദേശീയ നിര്‍വാഹക സമിതി അഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: