ഗോരഖ്പൂർ : ദേശീയ ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ ജനങ്ങൾ ഐക്യപ്പെട്ടാൽ ഇന്ത്യ വികസിത രാഷ്‌ട്രമാകുന്നത് തടയാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹോളി ആഘോഷവേളയിൽ ഗോരഖ്പൂരിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി യോഗി.
“സനാതന ധർമ്മത്തിന് ഒരേയൊരു വിളംബരമേയുള്ളൂ, ധർമ്മമുള്ളിടത്ത് വിജയം ഉണ്ടാകുമെന്നാണ് ആ പ്രഖ്യാപനം. വികസിത ഇന്ത്യ എന്ന ദൃഢനിശ്ചയം മോദി രാജ്യത്തിന് നൽകിയിട്ടുണ്ട്. ഐക്യപ്പെടുമ്പോൾ മാത്രമേ ഇന്ത്യ വികസിക്കാൻ കഴിയൂ, ഐക്യപ്പെട്ടാൽ അത് മികച്ചതായിരിക്കും, ലോകത്തിലെ ഒരു ശക്തിക്കും രാജ്യം വികസിക്കുന്നത് തടയാൻ കഴിയില്ല. അതിനാൽ, നമ്മുടെ എല്ലാ ശ്രമങ്ങളും രാഷ്‌ട്രത്തിനായി സമർപ്പിക്കണം. ഹോളിയുടെ സന്ദേശം ലളിതമാണ്, ഐക്യത്തിലൂടെ മാത്രമേ ഈ രാജ്യം നിലനിൽക്കൂ.”- യോഗി പറഞ്ഞു.
ഇതിനു പുറമെ സനാതന ധർമ്മത്തിന്റെ ശക്തി നമ്മുടെ വിശ്വാസത്തിലാണെന്നും ആ വിശ്വാസത്തിന്റെ ആത്മാവ് നമ്മുടെ ഉത്സവങ്ങളിലാണെന്നും മുഖ്യമന്ത്രി യോഗി പറഞ്ഞു.
“സനാതന ധർമ്മ പാരമ്പര്യം പോലെ സമ്പന്നമായ മറ്റൊരു രാജ്യത്തിനും മതത്തിനും ഇല്ലാത്തതാണ് ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും പാരമ്പര്യം. സനാതന ധർമ്മത്തിന്റെ ശക്തി നമ്മുടെ വിശ്വാസത്തിലാണ്, ആ വിശ്വാസത്തിന്റെ ആത്മാവ് നമ്മുടെ ഉത്സവങ്ങളിലാണ്. ഈ ഉത്സവങ്ങളിലൂടെ ഇന്ത്യ പുരോഗമിക്കും. വടക്ക് മുതൽ തെക്ക് വരെയും, രാജ്യത്തിന്റെ കിഴക്ക് മുതൽ പടിഞ്ഞാറ് വരെയും, ഇന്ത്യയിലെ ജനങ്ങൾക്ക് ആവേശത്തോടെയും സന്തോഷത്തോടെയും ഈ ആഘോഷങ്ങളിൽ പങ്കുചേരാൻ അവസരം ലഭിക്കുന്നു,” -മുഖ്യമന്ത്രി യോഗി പറഞ്ഞു.
ഇതിനു പുറമെ 66 കോടിയിലധികം ആളുകൾ ജാതിമത ഭേദമന്യേ പുണ്യസ്നാനം നടത്തിയ പ്രയാഗ്‌രാജിലെ മഹാകുംഭത്തിലൂടെ സനാതന ധർമ്മത്തെ വിമർശിച്ചവർ ഇന്ത്യയുടെ ശക്തി കണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗി പറഞ്ഞു. ജാതിയുടെ അടിസ്ഥാനത്തിൽ ഹിന്ദുക്കൾ വിഭജിക്കപ്പെട്ടിട്ടുണ്ടെന്ന് കരുതിയവർ ഇത് മനസിലാക്കണമെന്നും മുഖ്യമന്ത്രി യോഗി കൂട്ടിച്ചേർത്തു.
നേരത്തെ ഗോരഖ്‌നാഥ് ക്ഷേത്ര പരിസരത്തുള്ള ഹോളിക ദഹനിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൂജയും ആരതിയും നടത്തി ഹോളി ആഘോഷത്തിന് തുടക്കം കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: