ജയ്പൂര്‍: കരകൗശല വിപണനമേഖലയില് വിജയഗാഥ സൃഷ്ടിച്ച് പുത്തന്‍ ബ്രാന്‍ഡായി മാറുകയാണ് കമലി ട്രൈബ്സ്. രാജസ്ഥാനിലെ ഉദയ്പൂരില്‍ കമലി ഗോത്രസമൂഹത്തിലെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാന്‍ ഏഴ് വര്‍ഷം മുമ്പ് വനവാസി കല്യാണ്‍ ആശ്രമം ആരംഭിച്ച പദ്ധതിയാണ് രാജ്യത്തിനകത്തും പുറത്തും പേരെടുക്കുന്നത്.
നമ്രത പ്രൈമറി വിമന്‍ മള്‍ട്ടിപര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സംരംഭത്തിലൂടെയാണ് പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് കരകൗശലവസ്തുക്കള്‍ നിര്‍മിക്കാനുള്ള പരിശീലനം കമലി സമൂഹത്തിന് വനവാസി കല്യാണാശ്രമം നല്‍കിയത്. നിലവില്‍ 260 സ്ത്രീകളാണ് ഉദയ്പൂരില്‍ കമലി ട്രൈബ്സ് ഉത്പന്നങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
സ്വാശ്രയ, നൈപുണ്യ വികസന ക്യാമ്പുകളാണ് കമലി ട്രൈബ്സിന്റെ തുടക്കമെന്ന് നമ്രത അധ്യക്ഷ രാധിക ലദ്ദ പറയുന്നു. പരിശീലനപരിപാടികളില്‍ പങ്കെടുക്കാന്‍ മടി കാട്ടിയ സ്ത്രീകളെ ബോധവത്കരിക്കാന്‍ തന്നെ സമയമെടുത്തു. പിന്നെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതായി വെല്ലുവിളി. ഈ പ്രവര്‍ത്തനങ്ങള്‍ വനവാസി കല്യാണാശ്രമം നേരിട്ട് ഏറ്റെടുത്തു.
വ്യാപകമായി അഞ്ച് മുതല്‍ പത്ത് വരെ ആളുകളടങ്ങളുന്ന സ്ത്രീസംഘങ്ങള്‍ രൂപീകരിച്ചു. ഉദയ്പൂരില്‍ തയാറാക്കുന്ന ചണം, നൂല്, തടിക്കഷ്ണങ്ങള്‍ തുടങ്ങിയ നിര്‍മാണസാമഗ്രികള്‍ ഇവരിലൂടെ വനവാസി കുടിലുകളിലെത്തിച്ച് നല്‍കും. അവിടെ ബാര്‍ഡ് ഗെയിമുകള്‍, ബാഗുകള്‍, ആഭരണങ്ങള്‍, കീ ചെയിനുകള്‍, കോസ്റ്ററുകള്‍, ടേബിള്‍ റണ്ണറുകള്‍, കുഷ്യന് കവറുകള്‍, വാള് ഹാംഗിംഗുകള്‍ തുടങ്ങിയവയൊക്കെ രൂപം കൊള്ളും. പണി തീര്‍ന്നാല്‍ ഉടന്‍ വേതനം എന്നതാണ് പ്രത്യേകത. വിശേഷ പരിശ്രമങ്ങള്‍ക്ക് എട്ട് ശതമാനം തുക അധികം നല്‍കും.
കമലി ട്രൈബ്സ് ക്രാഫ്റ്റ്മാര്‍ക്ക്-സര്‍ട്ടിഫൈഡ് ആണ്. വില്പന മേളകള്‍ക്ക് പുറമെ, വിമാനത്താവളങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളുമടക്കമുള്ള ട്രിഫെഡ് സെയില്‍സ് പോയിന്റുകളിലും ഐ-ബാസ്ക്കറ്റിലും കമലി ട്രൈബ്സ് ഉത്പന്നങ്ങള്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: