തിരുവനന്തപുരം: ആഗോള ഇന്നൊവേഷന് ആവാസവ്യവസ്ഥാ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ സ്റ്റാര്‍ട്ടപ് ജീനോം പ്രസിദ്ധീകരിച്ച കേരളത്തിലെ സ്റ്റാര്‍ട്ടപ് ആവാസവ്യവസഥയുടെ വളര്‍ച്ച എടുത്തുകാണിക്കുന്ന റിപ്പോര്‍ട്ട് സ്വതന്ത്ര ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതും പക്ഷപാതമില്ലാത്തതുമാണെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്(കെഎസ് യുഎം).
55 രാജ്യങ്ങളില്‍ നിന്നുള്ള 160 ല്‍ പരം സാമ്പത്തിക, ഇന്നൊവേഷന് മന്ത്രാലയങ്ങളുമായി സഹകരിച്ച് ഇന്നൊവേഷന് ആവാസവ്യവസ്ഥാ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സ്റ്റാര്‍ട്ടപ് ജീനോം. ആഗോള തലത്തില്‍ സര്‍ക്കാരുകള്‍, ഇന്നൊവേഷന് ഏജന്‍സികള്‍, സ്റ്റാര്‍ട്ടപ് ക്ലസ്റ്ററുകള്‍ എന്നിവ പാലിച്ചുപോരുന്ന മികച്ച മാതൃകകള്‍ മനസ്സിലാക്കാനും അതിനനുസരിച്ച് നൂതന വികസന നയങ്ങള്‍ രൂപീകരിക്കുന്നതിനും സ്റ്റാര്‍ട്ടപ് ജീനോം റിപ്പോര്‍ട്ട് ആധാരമാക്കാറുണ്ട്. സ്റ്റാര്‍ട്ടപ് രംഗത്ത് വലിയ വിശ്വാസ്യതയാണ് ഈ റിപ്പോര്‍ട്ടിനുള്ളത്.
2021 മുതല്‍ കെഎസ് യുഎം സ്റ്റാര്‍ട്ടപ് ജീനോമില്‍ അംഗമാണ്. അംഗത്വ ഫീസായി നാളിതു വരെ 48000 ഡോളറാണ് നല്‍കിയിട്ടുള്ളതെന്ന് കെഎസ് യുഎം വ്യക്തമാക്കുന്നു. കേരളത്തിനു പുറമേ കര്‍ണാടക, തമിഴ് നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും സ്റ്റാര്‍ട്ടപ് ജീനോമില്‍ അംഗമാണ്.
സ്റ്റാര്‍ട്ടപ് ജീനോം സ്വതന്ത്രമായും ആധികാരികമായും നടത്തുന്ന പ്രൈമറി, സെക്കന്‍ഡറി വിവര ശേഖരണത്തിന്റെയും ഗവേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടിലെ കണക്കുകള്‍ ക്രോഡീകരിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും. ബാഹ്യ ഇടപെടലുകളും മുന്‍വിധികളും ഇല്ലാതെ തയ്യാറാക്കുന്നതു കൊണ്ടാണ് ഈ റിപ്പോര്‍ട്ടിന് ആഗോള തലത്തില്‍ വിശ്വാസ്യതയും അംഗീകാരവും ലഭിക്കുന്നത്.
2019-21 കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021-23 ല്‍ കേരളം സ്റ്റാര്‍ട്ടപ് ആവാസവ്യവസ്ഥാ മൂല്യത്തില്‍ 254 ശതമാനം വര്‍ധനവ് കൈവരിച്ചു എന്നാണ് റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുള്ളത്. അഫോഡബിള്‍ ടാലന്റിന്റെ പട്ടികയില്‍ കേരളം ഏഷ്യയില്‍ നാലാമതാണ്.
കേരളസ്റ്റാര്‍ട്ടപ് മിഷന് നേടിയ മറ്റു ചില അംഗീകാരങ്ങള്‍ കൂടി കൂട്ടി വായിക്കുമ്പോള്‍ ഈ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത വര്‍ധിക്കുന്നു. 2018, 2019, 2020 എന്നീ വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ടോപ് പെര്‍ഫോമര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ 2022 ല്‍ തമിഴ് നാടിനും കര്‍ണാടകയ്ക്കുമൊപ്പം സ്റ്റേറ്റ് റാങ്കിങ് ഫ്രെയിംവര്‍ക്കില്‍ ബെസ്റ്റ് പെര്‍ഫോമറായി അംഗീകരിച്ചു.
2019 ല്‍ കേരളത്തില്‍ പുതുതായി 594 സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2020 ല്‍ അത് 669 ആയും 2021 ല്‍ 899 ആയും ഉയര്‍ന്നു. 2022 ല്‍ 1069, 2023 ല്‍ 1294, 2024 ല്‍ 1128 എന്നിങ്ങനെയാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരമുള്ള കേരളത്തിലെ പുതിയ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം. ഇപ്പോള്‍ കേരളത്തിലെ ആകെ സ്റ്റാര്‍ട്ടപ്പുകള്‍ 6304 ആണെന്നാണ് ഔദ്യോഗിക കണക്ക്.
കെഎസ് യുഎമ്മിന്റെ കണക്കുകള്‍ പ്രകാരം 2019-20 കാലയളവില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ ഏകദേശം 826 കോടി രൂപ ഫണ്ടിംഗ് നേടി. 2021-22 ല്‍ ഇത് 3880 കോടി രൂപയായി ഉയര്‍ന്നു. 369 ശതമാനത്തിന്റെ വര്‍ധനയാണിത്. കേരളത്തിന്റെ സ്റ്റാര്‍ട്ടപ് ആവാസവ്യവസ്ഥയുടെ വളര്‍ച്ച ഏതു മാനദണ്ഡത്തിലും മികവുറ്റതാണെന്ന് ഈ വസ്തുതകള്‍ വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: