Sports

ഓസീസ് നായകൻ സ്റ്റീവൻ സ്മിത്ത് വിരമിച്ചു; ഇനി ഏകദിന ക്രിക്കറ്റിലുണ്ടാകില്ല, ഇതുവരെ കളിച്ചത് 170 ഏകദിനങ്ങൾ

Published by

ദുബായ്: ഐസിസി ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ ഓസ്ട്രേലിയയെ നയിച്ച സ്റ്റീവൻ സ്മിത്ത് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ടെസ്റ്റ്, ട്വന്‍റി20 മത്സരങ്ങളിൽ തുടർന്നും കളിക്കും. സെമി ഫൈനലിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോററായിരുന്നു മുപ്പത്തിയഞ്ചുകാരനായ സ്മിത്ത് (96 പന്തിൽ 73).

ഞാൻ എന്റെ അവസാന ഏകദിന മത്സരം കളിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് സെമി പരാജയത്തിനു പിന്നാലെ തന്നെ സഹതാരങ്ങളെ സ്മിത്ത് അറിയിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലായിരിക്കും താൻ ഇനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. 2024ലെ ട്വന്‍റി20 ലോകകപ്പ് ടീമിൽ സ്മിത്തിനെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, 2028 ഒളിംപിക്സിൽ ഓസ്ട്രേലിയക്കു വേണ്ടി കളിക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ടി20 ഫോർമാറ്റിലാണ് ഒളിംപിക്സിലേക്ക് ക്രിക്കറ്റ് തിരിച്ചുവരുന്നത്.

ഓസ്ട്രേലിയയുടെ ഓൾ ടൈം റൺ സ്കോറർമാരിൽ പന്ത്രണ്ടാം സ്ഥാനത്താണെങ്കിലും, രാജ്യത്തെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായാണ് സ്മിത്ത് അറിയപ്പെടുന്നത്. ലെഗ് സ്പിന്നറായി തുടങ്ങി സ്പെഷ്യലിസ്റ്റ് ബാറ്ററായി മാറിയ ക്രിക്കറ്ററാണ് അദ്ദേഹം. 2010ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓൾറൗണ്ടറായി അരങ്ങേറ്റം കുറിച്ച സ്മിത്ത് 170 ഏകദിനങ്ങൾ കളിച്ചു. 43.28 ശരാശരിയിൽ 5800 റൺസ് നേടി. 12 സെഞ്ചുറികളും 35 അർദ്ധ സെഞ്ചുറികളും നേടിയ താരം 28 വിക്കറ്റുകളും സ്വന്തമാക്കി. ഓസ്ട്രേലിയ ലോകകപ്പ് ജോതാക്കളായ 2015, 2023 വർഷങ്ങളിലെ ടീമിൽ അംഗമായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by