India

അമിത് ഷാ എത്തി കോയമ്പത്തൂരിലെ സദ് ഗുരു ആശ്രമത്തിലെ മഹാശിവരാത്രി ആഘോഷത്തിന് വീര്യം പകരാന്‍; വന്‍ രാഷ്‌ട്രീയനിര

ഇരുട്ടിന്‍റെ ശക്തികള്‍ മുടക്കാന്‍ ശ്രമിച്ച മഹാശിവരാത്രി ആഘോഷം നടത്താന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയതോടെ കോയമ്പത്തൂരിലെ സദ് ഗുരു ജഗ്ഗി വാസുദേവിന്‍റെ ആശ്രമമായ ഇഷ ഫൗണ്ടേഷനില്‍ മഹാശിവരാത്രി ആഘോഷത്തിന് വീര്യം പകരാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തി.

Published by

കോയമ്പത്തൂര്‍: ഇരുട്ടിന്റെ ശക്തികള്‍ മുടക്കാന്‍ ശ്രമിച്ച മഹാശിവരാത്രി ആഘോഷം നടത്താന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയതോടെ കോയമ്പത്തൂരിലെ സദ് ഗുരു ജഗ്ഗി വാസുദേവിന്റെ ആശ്രമമായ ഇഷ ഫൗണ്ടേഷനില്‍ മഹാശിവരാത്രി ആഘോഷത്തിന് വീര്യം പകരാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തി. അമിത് ഷായുടെ കൈത്തണ്ടയില്‍ സദ്ഗുരു അഭയസൂത്ര എന്ന മന്ത്രച്ചരട് സദ് ഗുരു കെട്ടിക്കൊടുത്തു. സദ്ഗുരുവും അമിത് ഷായും ചേര്‍ന്ന് ശിവലിംഗത്തിന് മുന്നില്‍ അഗ്നി തെളിച്ച് പ്രാര്‍ത്ഥിച്ചു. ആശ്രമത്തില്‍ പ്രത്യേകം ഒരുക്കിയ സൂര്യകുണ്ഡില്‍ ഇരുവരും പ്രാര്‍ത്ഥിച്ചു.

അമിത് ഷായെ സദ്ഗുരു ആശ്രമത്തിലെ വിവിധ ക്ഷേത്രപ്രതിഷ്ഠകള്‍ക്ക് മുന്‍പില്‍ പ്രാര്‍ത്ഥനയ്‌ക്കായി കൂട്ടിക്കൊണ്ടുപോയി. അമിത് ഷാ ആശ്രമത്തില്‍ പ്രതിഷ്ഠിച്ച ശിവഭഗവാന്റെ ത്രിശൂലത്തില്‍ നെയ് വിളക്ക് തെളിയിച്ചു. ഉള്ളിലെ ഇരുളിനെ ഇല്ലാതാക്കുന്നതോടൊപ്പം സര്‍വ്വപരിമിതികളില്‍ നിന്നും കുതിച്ചുയരാനും ഉള്ള കഴിവു നല്‍കുന്നതാണ് ഈ ദീപം തെളിയ്‌ക്കല്‍ എന്ന് വിശ്വസിക്കപ്പെടുന്നു. ധ്യാനലിംഗത്തില്‍ സദ്ഗുരു നടത്തിയ പഞ്ചഭൂതക്രിയയ്‌ക്കും അമിത് ഷാ സാക്ഷ്യം വഹിച്ചു. മ്മുടെ ശരീരത്തിലെ പഞ്ചഭൂതങ്ങളെയും ശുദ്ധമാക്കുന്ന പ്രക്രിയയാണിത്.

അമിത് ഷാ സദ് ഗുരുവിനൊപ്പം ആശ്രമം ചുറ്റിക്കാണുന്നു

ഈ ആശ്രമത്തില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് സംവിധാനമില്ലെന്ന് ആരോപിച്ചായിരുന്നു മറയ്‌ക്ക് പിന്നിലിരുന്ന പല ശക്തികളുടെയും പ്രതിനിധിയായി ഒരാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് മഹാശിവരാത്രി ആഘോഷം മുടക്കാന്‍ ശ്രമിച്ചത്. പക്ഷെ തമിഴ്നാട് മലിനീകരണനിയതന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി ഈ ഉത്സവത്തിന് അനുമതി നല്‍കുകയായിരുന്നു.

ആശ്രമത്തിലെ 12 മണിക്കൂര്‍ നീളുന്ന മഹാശിവരാത്രിയുടെ ലൈവ് കാണാം:

മഹാശിവരാത്രി ആഘോഷത്തില്‍ പങ്കെടുക്കാന്‍ രാഷ്‌ട്രീയഭേദമേന്യവന്‍ നിര എത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവും കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍, പഞ്ചാബ് ഗവര്‍ണര്‍ ഗുലാബ് ചന്ദ് കട്ടാരിയ, ഒറിസ്സ ഗവര്‍ണര്‍ ഹരിബാബു കമ്പം കിട്ടി, , തമിഴ്നാട് ഗവര്‍ണര്‍ രവി, ത്രിപുര ഗവര്‍ണര്‍ ഇന്ദ്രസേന റെഡ്ഡി തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഗവര്‍ണര്‍മാരെല്ലാം ഭാര്യാസമേതരായാണ് എത്തിയത്.

പാര്‍ലമെന്‍ററി കാര്യമന്ത്രി എല്‍. മുരുകന്‍ എന്നിവരും സംബന്ധിച്ചു. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കറും ഒരു ചടങ്ങില്‍ പങ്കെടുത്തു.

ഡിഎംകെ സര്‍ക്കാര്‍ റെയ്ഡിലൂടെയും ഇദ്ദേഹത്തിന്റെ കോയമ്പത്തൂരിലെ ആശ്രമത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. പക്ഷെ വിജയിച്ചിട്ടില്ല. സദ് ഗുരുവിനെതിരെ നിരവധി കേസുകളും പലരെക്കൊണ്ടും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം കോടതിയില്‍ തള്ളിപ്പോവുകയാണ്. ഏകദേശം 150 ഏക്കറിലാണ് ഈ ആശ്രമം സ്ഥിതിചെയ്യുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക